ലണ്ടന്‍: സിറിയയിലേയും ഇറാഖിലേയും സഹോദരങ്ങളെ അനുകരിച്ച് കശ്മീരിലെ മുസ്‌ലീങ്ങളോട് ഇന്ത്യക്കെതിരെ ജിഹാദ് നടത്താന്‍ അല്‍ ഖ്വെയ്ദ ആഹ്വാനം. അല്‍ ഖ്വെയ്ദയുടെ പാകിസ്താന്‍ വിഭാഗം മേധാവി മൗലാന അസിം ഉമറിന്റെ വീഡിയോ സന്ദേശത്തിലാണ് ആഹ്വാനം. കശ്മീരിനെ സ്വതന്ത്രമാക്കാന്‍ അഫ്ഗാനിസ്താനില്‍ നിന്ന് ഒരു പറ്റം ആളുകള്‍ എത്തുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.
2010ല്‍ കശ്മീരില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഉമറിന്റെ സന്ദേശമുള്ളത്. നിയന്ത്രണരേഖയ്ക്കിരുവശവുമുള്ള മുഴുവന്‍ മുസ്‌ലീങ്ങളോടുമാണ് ആയുധമെടുത്ത് പോരാടാന്‍ ഉമര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ആയുധമെടുത്ത് ജിഹാദിന്റെ പാതയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ രീതിയില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നവര്‍ പോലും അതില്‍ നിരാശരായി ഇപ്പോള്‍ ആയുധമെടുത്തിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.
യൂറോപ്പില്‍ അക്രമണം നടത്താനും ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലീ റിഗ്‌ബെ കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കണമെന്നും ഉമര്‍ ആഹ്വാനം ചെയ്യുന്നു. അഫ്ഗാനിസ്താന്‍, സിറിയ, ഇറാഖ് എന്നിവ കശ്മീരിലെ മുസ്‌ലീങ്ങള്‍ മാതൃകയാക്കണമെന്നും സിറിയയില്‍ പുതിയ അഫ്ഗാന്‍ സൃഷ്ടിച്ചതുപോലെ കശ്മീരിലും സൃഷ്ടിക്കണമെന്നും ഉമര്‍ ആഹ്വാനം ചെയ്യുന്നു. ഇതാദ്യമായാണ് കശ്മീരിനെ മോചിപ്പിക്കാന്‍ വിഡിയോയിലൂടെ അല്‍ഖായിദ ആഹ്വാനം ചെയ്യുന്നത്.
പതിവായി മുന്നറിയിപ്പുകള്‍ നല്‍കാറുള്ള വെബ്‌സൈറ്റില്‍ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
No comments:
Post a Comment