ബീജിംഗ്: കടുവകളെ ഇറച്ചിയാക്കി തിന്ന ചൈനീസ് ബിസിനസുകാരന് ശിക്ഷ ഉറപ്പായി. കഴിഞ്ഞ ദിവസം അവസാനിച്ച വിചാരണയിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾക്കുള്ള ശിക്ഷ ഉടൻ വിധിക്കും.
രാജ്യത്തിന്റെ തെക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഗുവാംഗ്സിയിലുള്ള സു എന്നയാൾക്കാണ് ശിക്ഷ ഉറപ്പായത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കോടീശ്വരനായ ഇയാൾ നിരവധി കടുവകളെയാണ് ആഹാരമാക്കിയത്. കടുവകളുടെ ജനനേന്ദ്രിയങ്ങൾ പാകം ചെയ്ത് കഴിക്കുകയും ചോരകുടിക്കുകയും ചെയ്യുകയാണ് ഇയാൾക്ക് ഏറെ താല്പര്യം. പലപ്പോഴും കൂട്ടുകാരെയും ഇയാൾ സത്കരിച്ചിരുന്നു. വിദേശങ്ങളിൽ നിന്ന് അനധികൃതമായാണ് കൂടുതലും ഇയാൾ കടുവകളെ എത്തിച്ചിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി മുടക്കിയിരുന്നത്. നൂറിലധികം കടുവകളെ ആഹാരമാക്കിയെന്നാണ് കോടതി കണ്ടെത്തിയത്.
ചൈനക്കാർക്ക് കടുവകൾ കരുത്തിന്റെ പ്രതീകമാണ്. കടുവകളുടെ ശരീര ഭാഗങ്ങൾ കഴിക്കുന്നത് രോഗങ്ങൾ ഇല്ലാതാക്കാൻ വളരെ നല്ലതെന്നാണ് ചൈനക്കാരുടെ വിശ്വാസം. കടുവകളുടെ എണ്ണം വൻതോതിൽ കുറഞ്ഞു തുടങ്ങിയതോടെ അവയെ കൊല്ലുന്നത് അധികൃതർ നിരോധിച്ചിട്ടുണ്ട്. കടുവകളെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് പത്തുവർഷത്തെ ശിക്ഷ ഉറപ്പാണ്.
No comments:
Post a Comment