Tuesday, 17 June 2014

നെയ്യാറ്റിന്‍കര ആശുപത്രി കവലയിലെ മെഡിക്കല്‍ സ്റ്റോറില്‍ അനധികൃത ലഹരിമരുന്ന് വില്‍പ്പന കണ്ടെത്തി.

നെയ്യാറ്റിന്‍കര: ഡോക്ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളികയുടെ ഗണത്തില്‍പ്പെട്ട മരുന്ന് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആശുപത്രി കവലയിലെ എ. ജെ. മെഡിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നും വില്‍പ്പനയും കണ്ടെത്തിയത്. മരുന്നുകട ഉടമയ്ക്കുനേരെ കേസ്സെടുത്തിട്ടുണ്ട്.

സ്‌കൂളിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ അനധികൃത മരുന്നുവില്‍പ്പന കണ്ടെത്താനായിരുന്നു പരിശോധന നടന്നത്. ആശുപത്രിക്ക് സമീപത്തെ മരുന്നുകടകളെക്കുറിച്ച് പോലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി. കെ. ശ്രീകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ആവശ്യമായ കുറിപ്പൊന്നുമില്ലാതെ ലഹരി സ്വഭാവമുള്ള മരുന്നിന് വേണ്ടി മെഡിക്കല്‍ സ്റ്റോറില്‍ ഒരാളെ അയയ്ക്കുകയായിരുന്നു. 30 രൂപ വിലയുള്ള മരുന്ന് 100 രൂപയ്ക്കാണ് നല്‍കിയത്. പേശിയുടെ അയവിനും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും ഉപയോഗിക്കുന്ന മരുന്നാണ് ആവശ്യപ്പെട്ടത്. ഇവ കുട്ടികള്‍ കഴിക്കാനിടയായാല്‍ നേരിയ ലഹരിയും പിന്നീട് അടിമപ്പെടാനും ഇടയായേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധന നടത്തിയ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഇത്തരം മരുന്നുകള്‍ വന്‍തോതില്‍ വിറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മരുന്ന് സൂക്ഷിക്കുന്നതിന് നിയമപ്രകാരമുള്ള രേഖകളും ഉണ്ടായിരുന്നില്ല. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. പി. അനില്‍കുമാര്‍, സി.ഐ. എ. നസീര്‍, എസ്.ഐ. പി. വി. വിനേഷ്‌കുമാര്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്. പ്രഭുകുമാര്‍, മണിവീണ, ഗീത, പ്രവീണ്‍ എന്നിവരാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മരുന്നും രേഖകളും തുടര്‍നടപടിക്കായി നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *