Wednesday, 11 June 2014

ബി.പി.എല്‍. കാര്‍ഡ് കൈവശംവെച്ച സര്‍ക്കാര്‍ ജോലിക്കാര്‍ പിടിയില്‍.

പാലക്കാട്: അനര്‍ഹമായി കൈവശംവെച്ച ഒമ്പത് ബി.പി.എല്‍./എ.എ.വൈ. കാര്‍ഡുകള്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ട് കാര്‍ഡുടമകള്‍ 1,000 ചതുരശ്രയടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരും ഏഴുപേര്‍ സര്‍ക്കാര്‍ജോലിക്കാരുമാണ്. ചിറ്റൂര്‍ താലൂക്കിലെ എലവഞ്ചേരി പഞ്ചായത്തില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ പി.എം.കെ. ഉണ്ണിയുടെ നേതൃത്വത്തില്‍ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. അജിത്കുമാര്‍, ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം. സയ്യിദ് ഇബ്രാഹിം, റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.



കെ.എസ്.ആര്‍.ടി.സി., കെ.എസ്.ഇ.ബി., എക്‌സൈസ്, റെയില്‍വേ എന്നിവിടങ്ങളില്‍ ജോലിക്കാരാണ് കാര്‍ഡുടമകള്‍. ഇവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കളക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു.
ജില്ലയിലെ എല്ലാ താലൂക്കുകളിലും വീടുകയറിയുള്ള പരിശോധന ആരംഭിച്ചതായി സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇനിയും മാറ്റിവാങ്ങാത്ത കാര്‍ഡുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നത്. അനര്‍ഹമായി ബി.പി.എല്‍./എ.എ.വൈ. കാര്‍ഡുകള്‍ കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍, പൊതു/സഹകരണമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായനികുതി നല്‍കുന്നവര്‍, നാലുചക്രവാഹനം സ്വന്തമായുള്ളവര്‍ എന്നിവര്‍ അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂണ്‍ 30നുമുമ്പ് കാര്‍ഡ് തിരികെയേല്പിച്ച് എ.പി.എല്‍. കാര്‍ഡാക്കി മാറ്റിവാങ്ങണമെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പുനല്‍കി.

കാര്‍ഡ് തിരികെയേല്പിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ഇതുവരെ വാങ്ങിയ റേഷന്‍സാധനങ്ങളുടെ വില ഈടാക്കുകയുംചെയ്യും. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

അനര്‍ഹമായ ബി.പി.എല്‍./എ.എ.വൈ. കാര്‍ഡുകള്‍ കൈവശംവെച്ചിട്ടുള്ളവരുടെ വിവരങ്ങള്‍ താഴെപറയുന്ന ഫോണ്‍നമ്പറുകളില്‍ സപ്ലൈ ഓഫീസിനെ അറിയിക്കാവുന്നതാണ്. ജില്ലാ സപ്‌ളൈ ഓഫീസ്: 2505541, പാലക്കാട് താലൂക്ക്: 0491-2536872, ആലത്തൂര്‍: 0492-2222325, ചിറ്റൂര്‍: 0492-3222329, മണ്ണാര്‍ക്കാട്: 0492-4222265, ഒറ്റപ്പാലം: 0466-2244397.

No comments:

Post a Comment

Contact Form

Name

Email *

Message *