കോയമ്പത്തൂര്‍: കുടുംബവഴക്കുമായി ബന്ധപ്പെട്ട് പ്രതികാരമെന്നോണം ഭാര്യാപിതാവിനെയും അമ്മയെയും സഹോദരനെയും കൊലചെയ്യാന്‍ യുവാവ് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘം യാത്രക്കിടയില്‍ പോലീസ് പിടിയിലായി.
ശങ്കരന്‍കോവില്‍ ഗോമതി ശങ്കര്‍, പല്ലടം നാഗരാജന്‍, തഞ്ചാവൂര്‍ രഞ്ജിത്ത്, തൃശ്ശിനാപ്പള്ളിയിലെ പ്രഭാകരന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കൊലപാതകം ചെയ്യാന്‍ നാല്പതിനായിരം രൂപ അഡ്വാ!ന്‍സായി നല്‍കിയ വിക്കു എന്ന വിഘ്‌നേശ്വരനെയും (30) പോലീസ് അറസ്റ്റ് ചെയ്തു. സംഘം യാത്രചെയ്തിരുന്ന പുത്തന്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി പരിശോധനക്കിറങ്ങിയ പോലീസ് സംഘം രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ചിട്ടില്ലാത്ത പുതിയ കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പോത്തന്നൂര്‍ ഈച്ചനാരി മേല്പാലത്തിന് താഴെ നിര്‍ത്തിയിട്ടതായി കണ്ടു. കാറിലുണ്ടായിരുന്ന സംഘത്തെ ചോദ്യംചെയ്തപ്പോഴാണ് കൂടുതല്‍ വിവരം ലഭിച്ചത്. കാറില്‍നിന്ന് രണ്ട് വടിവാളും കൈയുറകളും പോലീസ് കണ്ടെടുത്തു.
തിരുപ്പൂരിലെ ഗുണശേഖരന്റെ മകന്‍ ഏറോനോട്ടിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന വിഘ്‌നേശ്വരന്‍ പോത്തന്നൂരില്‍ കുറിച്ചിയിലെ മാണിക്യന്റെ മകള്‍ നിശാപ്രിയയെ ഏഴുമാസം മുമ്പാണ് വിവാഹം ചെയ്തത്. മാര്‍ച്ചോടെ ആ ബന്ധത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കുടുംബവഴക്കിന് കാരണമായി. ഇതേത്തുടര്‍ന്ന്, മകളെ ഉപദ്രവിക്കുന്നതായി നിശാപ്രിയയുടെ അച്ഛന്‍ മാണിക്യന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അടുത്ത ദിവസം തന്നെ സ്ത്രീപീഡനത്തിന് വിഘ്‌നേശ്വരന്റെയും ഇയാളുടെ അച്ഛന്റെയും പേരില്‍ കേസെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായ ഇരുവരും ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
തുടര്‍ന്ന് പ്രതികാരമെന്നോണം നിശാപ്രിയയുടെ അച്ഛനെയും അമ്മ രാജേശ്വരിയെയും സഹോദരന്‍ മുരളീകൃഷ്ണനെയും കൊലപ്പെടുത്തി അവരുടെ രണ്ട് കോടിയോളം വരുന്ന സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ വിഘ്‌നേശ്വരന്‍ പദ്ധതി ആവിഷ്!കരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ജയില്‍വാസത്തിനിടയിലാണ് കൊലയാളിസംഘവുമായി പരിചയപ്പെട്ടതെന്നും സംഘത്തിന് യാത്രചെയ്യാന്‍ പുത്തന്‍ കാര്‍ നല്‍കിയത് വിഘ്‌നേശ്വരനായിരുന്നുവെന്നും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.കെ. വിശ്വനാഥന്‍ പറഞ്ഞു.
കൊല നടത്തേണ്ട വീട്ടിലേക്ക് പോകാന്‍ വഴി കാണിക്കുന്ന ഒരു സ്!കെച്ചും കാറിലുണ്ടായിരുന്നു. വീടിന്റെ മൂന്ന് കിലോമീറ്റര്‍ അകലത്തായിരുന്നു കാര്‍ നിര്‍ത്തിയിരുന്നത്. വീട്ടിലെത്തി മുട്ടിവിളിക്കുമ്പോള്‍ വാതില്‍ തുറന്ന് പുറത്തുവരുന്നവരെ വെട്ടിക്കൊലപ്പെടുത്തണമെന്നായിരുന്നു സംഘത്തിന് കൊടുത്ത നിര്‍ദേശം.
No comments:
Post a Comment