Monday, 16 June 2014

കാട്ടാക്കട ബസ്സിനടിയില്‍പ്പെട്ട് വീട്ടമ്മയും മകളും മരിച്ചു

കാട്ടാക്കട: മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍ അമിത വേഗതയില്‍ പുറകോട്ടെടുത്ത കോളേജ് ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായിരുന്ന വീട്ടമ്മയും മകളും മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഒരു മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തടിച്ചു കൂടിയ നാട്ടുകാര്‍ ബസ്സ് തല്ലിത്തകര്‍ത്തു. തിരക്കേറിയ സമയത്ത് കാട്ടാക്കട കുളത്തുമ്മലായിരുന്നു അപകടം. 


പൂജപ്പുര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കള്ളിക്കാട് കാഞ്ഞിരംമൂട് ശ്രീ സുന്ദരത്തില്‍ അജയകുമാറിന്റെ ഭാര്യ എല്‍.ആര്‍. കുമാരി രാധിക, ഇളയ മകള്‍ ഭവ്യ എന്നിവരാണ് മരിച്ചത്. അജയകുമാര്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൂത്ത മകള്‍ ഭദ്ര(11)യെ ബസ്സ് ചക്രത്തിനടിയില്‍ നിന്നും വലിച്ചുമാറ്റി ഓട്ടോ ഡ്രൈവര്‍മാര്‍ രക്ഷിക്കുകയായിരുന്നു. അജയകുമാറിനെ രക്ഷിച്ചതും നാട്ടുകാരാണ്.

ബസ് ഡ്രൈവര്‍ വലിയമല സരസ്വതി വിലാസത്തില്‍ മധുകുമാറി(47)നെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഇയാള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. ലോറി ഡ്രൈവറായ മധുകുമാര്‍ ഒരു ദിവസത്തേക്ക് പകരക്കാരനായി മോഹന്‍ദാസ് എന്‍ജിനിയറിങ് കോളേജ് ബസ്സ് ഓടിക്കാന്‍ എത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞു. മധുവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദുചെയ്യുമെന്ന് ആര്‍.ടി.ഒ അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ എട്ടിന് കാട്ടാക്കട-നെടുമങ്ങാട് റോഡില്‍ കുളത്തുമ്മല്‍ എല്‍.പി.എസ്സിന് സമീപമായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി കരകുളത്തെ മോഹന്‍ദാസ് എന്‍ജിനിയറിങ് കോളേജിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടിയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. എതിരെ വാഹനം വന്നപ്പോള്‍ അമിത വേഗതയില്‍ ബസ്സ് പിന്നോട്ടെടുക്കുകയായിരുന്നു. തൊട്ടു പുറകില്‍ വാഹനങ്ങളുണ്ടെന്ന് ഓട്ടോക്കാരും ചുറ്റും നിന്നവരും വിളിച്ച് പറഞ്ഞിട്ടും മധുകുമാര്‍ ശ്രദ്ധിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ്സിന് പുറകില്‍ നിര്‍ത്തിയിരുന്ന അജയകുമാറിന്റെ ബൈക്കിലിടിച്ച് കുടുംബത്തിലെ നാലുപേരും തെറിച്ചുവീണു. എന്നിട്ടും ബസ്സ് നിര്‍ത്തിയില്ല. വീണ്ടും പിന്നോട്ടുപോയ ബസ്സിന്റെ പിന്‍ ചക്രങ്ങള്‍ തെറിച്ചുവീണ രാധികയുടെ തലയിലൂടെയും ഭവ്യയുടെ ശരീരത്തിലൂടെയും കയറിയിറങ്ങുകയായിരുന്നു. അമ്പത് മീറ്ററോളം പിന്നോട്ടെടുത്ത ബസ്സ് ടെലഫോണ്‍ പോസ്റ്റിലിടിച്ചാണ് നിന്നത്. 

നാട്ടുകാര്‍ പ്രതിഷേധവുമായെത്തി ബസ് തല്ലിത്തകര്‍ത്തതോടെ ഉള്ളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മലയിന്‍കീഴ്, കാട്ടാക്കട, കള്ളിക്കാട് എന്നിവിടങ്ങളില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. 
മലയിന്‍കീഴ് ശ്രീകൃഷ്ണപുരം മേലേവീട്ടില്‍ രവീന്ദ്രന്‍ നായരുടെയും ലീലാകുമാരിയുടെയും മകളാണ് കുമാരി രാധിക. മലയിന്‍കീഴില്‍ ഫാന്‍സി സ്റ്റോര്‍ നടത്തുകയാണ്. വിളപ്പില്‍ശാല കുന്നുംപുറം ശാന്തിനികേതന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഭവ്യ. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഭദ്ര. കുട്ടികളെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്നു കുടുംബം. 

മൃതദേഹങ്ങള്‍ പോസ്റ്റ്‌ േമാര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

No comments:

Post a Comment

Contact Form

Name

Email *

Message *