Thursday, 26 June 2014

പ്രഥമാധ്യാപികയുടെ സ്ഥലംമാറ്റം: ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്വീകരിച്ചു.

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍നിന്ന് സ്ഥലംമാറ്റിയ പ്രഥമാധ്യാപിക ഊര്‍മിളാ ദേവിയുടെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ സ്ഥലംമാറ്റം ഉത്തരവ് സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചു. കേസില്‍ ജൂലായ് നാലിന് വാദം കേള്‍ക്കും.

സ്‌കൂളില്‍ പുതിയ പ്രഥമാധ്യാപിക ചുമതലയേറ്റതിനാലാണ് സ്ഥലമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാത്തത്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഡി.പി.ഐയോട് ഫയല്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനിടയില്‍ മന്ത്രി അബ്ദുറബ്ബ് സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. താന്‍ പങ്കെടുത്ത പരിപാടിമൂലം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ക്ലാസ് മുടങ്ങിയിട്ടില്ലെന്നാണ് പോസ്റ്റിലുള്ളത്. പരിപാടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അധ്യാപകരാണ്. പങ്കെടുത്ത കുട്ടികള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങള്‍ ആയിരുന്നുവെന്നും മന്ത്രി ന്യായീകരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചപ്പോള്‍ത്തന്നെ സമയക്ലിപ്തത പാലിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. വൈകുമെന്ന വിവരം യഥാസമയം സംഘാടകരെ അറിയിച്ചു. വൈകിയെത്തിയപ്പോള്‍ അടഞ്ഞുകിടന്ന ഗേറ്റ് തന്റെ ഗണ്‍മാനാണ് തുറന്നത്. വിദ്യാഭ്യാസ മന്ത്രിയിരിക്കുന്ന വേദിയില്‍ പ്രഥമാധ്യാപിക ആക്ഷേപം ചൊരിഞ്ഞുവെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാരിന്റെ സല്‍പ്പേരിനെ മോശമായി ബാധിക്കും എന്നതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് എ.ഡി.പി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അധ്യാപികയെ ജില്ലയിലെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായതെന്നും മന്ത്രി വിശദീകരിക്കുന്നു.

മന്ത്രിയെ പൊതുവേദിയില്‍ അപമാനിച്ചുവെന്നും സ്‌കൂളില്‍ തിരിമറി കാട്ടിയെന്നുമുള്ള ആരോപണങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഥമാധ്യാപിക ഊര്‍മിളാ ദേവിക്ക് ഡി.പി.ഐ. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ബുധനാഴ്ച അച്ചടക്ക നടപടിയുടെ പേരില്‍ സ്ഥലം മാറ്റിയെന്ന് കാണിച്ച് കത്ത് ലഭിച്ചു. ഇതിനെതിരെയാണ് ഊര്‍മിളാ ദേവി സംസ്ഥാന അഡ്മിനിട്രേറ്റീവ്‌ ൈട്രബ്യൂണലിനെ സമീപിച്ചത്. മോഡല്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന സുജിനയാണ് സ്‌കൂളിലെ പുതിയ പ്രഥമാധ്യാപിക.

പ്രഥമാധ്യാപികയ്ക്ക് സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും അത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നടപടി പിന്‍വലിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ ദളിത് വിഭാഗത്തില്‍പ്പെട്ട പ്രഥമാധ്യാപികയെ സ്ഥലംമാറ്റാന്‍ സര്‍ക്കാരിന് താത്പര്യമെന്താണെന്ന് സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു. സ്ഥലംമാറ്റം റദ്ദാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ സ്‌കൂളില്‍ 9.30ന് കുട്ടികളെ ഇരുത്തിയതിന് താന്‍ ഉത്തരവാദിയല്ലെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് സഭയില്‍ പറഞ്ഞു. അസംബ്ലി കഴിഞ്ഞ് സ്‌കൂളില്‍ ചെല്ലാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *