Tuesday, 17 June 2014

മികച്ച വികസനമാതൃകകള്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രസഹായം.

ന്യൂഡല്‍ഹി: ഗുജറാത്തുള്‍പ്പെടെ മികച്ച വികസനമാതൃകകള്‍ പിന്തുടര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നോട്ടുവരുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക സാമ്പത്തികസഹായം നല്‍കാന്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങള്‍ അടുത്തമാസം അവതരിപ്പിക്കുന്ന പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും.


വികസനത്തിന് ഒട്ടേറെ മാതൃകകളുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ മികച്ച വികസന പദ്ധതികള്‍ മാതൃകയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു. എങ്കിലും ഗുജറാത്തിലെ ചില മാതൃകകള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തം. വൈദ്യുതി, സൗരോര്‍ജം, വ്യവസായം, ജലസേചനം, കൃഷി, നദികളെ ബന്ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഗുജറാത്ത് കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടിയാണ് അതുപോലുള്ള പദ്ധതികള്‍ തുടങ്ങാന്‍ മോദിസര്‍ക്കാര്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ സ്വന്തംനിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താല്‍ കേന്ദ്രത്തിന് മറ്റു മേഖലകളിലേക്ക് ശ്രദ്ധതിരിക്കാന്‍ പറ്റുമെന്നാണ് വാദം. ഗുജറാത്തിന് ചെയ്യാന്‍ സാധിക്കുന്നത് മറ്റുസംസ്ഥാനങ്ങളിലും നടപ്പാക്കാമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹിയില്‍ കടുത്ത വൈദ്യുതിപ്രതിസന്ധി ഉണ്ടായപ്പോള്‍ ഗുജറാത്തിലെ സൗരോര്‍ജ പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥരുടെ സംഘത്തെ ഗുജറാത്തിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രിയുമായി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഇത്. കേന്ദ്രസര്‍ക്കാറിന്റെ ആദ്യബജറ്റില്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി സാമ്പത്തികസഹായമോ പ്രത്യേക പാക്കേജോ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

No comments:

Post a Comment

Contact Form

Name

Email *

Message *