Wednesday, 11 June 2014

കരിപ്പൂരില്‍ അരക്കോടിയുടെ സ്വര്‍ണം പിടിച്ചു.

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.04 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടി. വിപണിയില്‍ 56 ലക്ഷം രൂപ ഇതിന് വിലവരും.

ചൊവ്വാഴ്ച രാവിലെ എട്ടിന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്‍ കണ്ണൂര്‍ ചെറുവഞ്ചേരി സ്വദേശി പി.എന്‍. ഹംസ(33)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് സ്വര്‍ണക്കട്ടികള്‍, രണ്ട് സ്വര്‍ണച്ചെയിനുകള്‍, സ്വര്‍ണക്കമ്പി കഷ്ണങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. സ്വര്‍ണം കമ്പികളാക്കി തെര്‍മോഫ്ലസ്‌കില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഒരു കിലോയുടെ സ്വര്‍ണബാര്‍ മൈക്രോവേവ് ഓവനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയും മറ്റൊരു കട്ടി അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
കാസര്‍കോട് കേന്ദ്രമായ കള്ളക്കടത്ത് മാഫിയയുടെ കാരിയറാണ് പിടിയിലായ ആളെന്ന് കരുതുന്നു. വിമാനത്താവളത്തിനുപുറത്ത് കാത്തുനില്‍ക്കുന്ന സംഘത്തിന് സ്വര്‍ണം കൈമാറാനായിരുന്നു ഇയാള്‍ക്ക് ലഭിച്ച നിര്‍ദേശം. ഇയാള്‍ പിടിയിലായതോടെ സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ സംഘം മുങ്ങി.

ആറുമാസത്തെ സന്ദര്‍ശന വിസയിലാണ് ഇയാള്‍ ഷാര്‍ജയിലെത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. യു.എ.ഇയില്‍ വെച്ച് പരിചയപ്പെട്ടയാളാണ് സ്വര്‍ണക്കടത്തിന്റെ കാരിയറാക്കിയതെന്നും വ്യക്തമായി. ഇയാളുടെ ചിത്രം 'വാട്‌സ് അപ്പ് ' വഴി കേരളത്തിലെ ഏജന്റുമാര്‍ക്ക് കൈമാറിയിരുന്നു.

ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണത്തെക്കുറിച്ചാണ് ആദ്യം കസ്റ്റംസ് വിഭാഗത്തിന് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ സ്വര്‍ണക്കട്ടി ഒളിപ്പിച്ചത് കണ്ടെത്തിയത്. ബാഗേജുകള്‍ പരിശോധിച്ചപ്പോള്‍ തെര്‍മല്‍ ഫ്ലസ്‌കില്‍ ഒളിപ്പിച്ച സ്വര്‍ണക്കമ്പി കഷ്ണങ്ങളും മൈക്രോവേവ് ഓവനകത്ത് ഒളിപ്പിച്ച സ്വര്‍ണക്കട്ടിയും കണ്ടെടുത്തു.
25,000 രൂപയും വിമാനടിക്കറ്റുമാണ് ഹംസയ്ക്ക് സ്വര്‍ണക്കടത്തിന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

ഞായറാഴ്ച രാത്രി രണ്ട് കിലോ സ്വര്‍ണവുമായി മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഷമീജിനെ കസ്റ്റംസ് പിടികൂടിയിരുന്നു.
സ്വര്‍ണവേട്ടയ്ക്ക് കസ്റ്റംസ് അസി. കമ്മീഷണര്‍ ശ്യാംസുന്ദര്‍ നേതൃത്വംനല്‍കി. സൂപ്രണ്ടുമാരായ ജി. ബാലഗോപാല്‍, ടി.എന്‍. സുനില്‍, പി.കെ. ഷിബു, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ദിനേശ്ബാബു, സി. പ്രദീപ്കുമാര്‍, അജയ്‌റായ്, രാജീവ് രഞ്ജന്‍, അലോക് സോണി, എസ്.എസ്. ദില്ലന്‍, അഭിജിത് സിങ്, സി.സി. അലക്‌സാണ്ടര്‍, ബാബുരാജ്, ലക്ഷ്മണ്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.


കള്ളക്കടത്ത് മാഫിയയ്ക്ക് ദുബായ് വിമാനത്താവളത്തിലും കണ്ണികളെന്ന് സൂചന

കരിപ്പൂര്‍:
സ്വര്‍ണക്കള്ളക്കടത്ത് മാഫിയയ്ക്ക് ദുബായ് വിമാനത്താവളത്തിലും ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ഉള്ളതായി സൂചന. കഴിഞ്ഞദിവസം രണ്ട് കിലോ സ്വര്‍ണവുമായി പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ മുഹമ്മദ് ഷമീജിനെ ചോദ്യം ചെയ്തപ്പോഴാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ഇതു സംബന്ധിച്ച സൂചന കിട്ടിയത്. ദുബായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം കള്ളക്കടത്ത് മാഫിയയ്ക്കുണ്ടെന്നാണ് ഷമീജ് നല്‍കിയ വിവരം. ഇവരുടെ സഹായത്തോടെയാണ് സ്വര്‍ണക്കടത്തെന്ന് വ്യക്തമായിട്ടുണ്ട്. ഷമീജിന്റെ സഹപാഠിയും അയല്‍വാസിയുമായ യുവാവിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ ദുബായില്‍ എത്തിയതെന്ന് കസ്റ്റംസ് പറയുന്നു.

മടക്കടിക്കറ്റ് അടക്കമായിരുന്നു യാത്ര. ദുബായിലെത്തിയ ഇയാളെ സംഘം അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. സ്വര്‍ണ ബിസ്‌കറ്റ് ഒളിപ്പിച്ചുവെക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്തു. ഇതിനുശേഷം മൂന്നാംദിനം വിമാനത്തിലെ എക്‌സിക്യുട്ടീവ് കഌസില്‍ ടിക്കറ്റ് എടുത്തുനല്‍കി. വിമാനത്താവളത്തിലെ സെക്യൂരിറ്റി ലോഞ്ചില്‍വെച്ചാണ് ഒരുകിലോ വീതമുള്ള രണ്ട് സ്വര്‍ണബാറുകള്‍ കൈമാറിയത്.

No comments:

Post a Comment

Contact Form

Name

Email *

Message *