Monday, 30 June 2014

കടല്‍ക്കൊല: ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി.

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ ഇറ്റലിക്കുവേണ്ടി ഹാജരായ മുകുള്‍ റോത്ഗി അറ്റോര്‍ണി ജനറലായ സാഹചര്യത്തിലാണിത്. കേസിന്റെ ഭാവിയെക്കുറിച്ചുള്ള നിയമ മന്ത്രാലയത്തിന്റെ നിലപാടാണ് ആഭ്യന്തര മന്ത്രാലയം തേടിയിട്ടുള്ളത്. കേസില്‍ സുവ നിയമം ചുമത്തുന്നത് സംബന്ധിച്ച നിലപാടും ആരാഞ്ഞിട്ടുണ്ട്.


കേസില്‍ എന്‍ ഐ എ അന്വേഷണം നടത്തുന്നതിനെ ഇറ്റലി സര്‍ക്കാരിനുവേണ്ടി ഹാജരായ റോത്ഗി കഴിഞ്ഞ ഏപ്രിലില്‍ എതിര്‍ത്തിരുന്നു. കേസ് അന്വേഷിക്കാന്‍ എന്‍ ഐ എയ്ക്ക് അധികാരമില്ലെന്നും സി ബി ഐയാണ് അന്വേഷണം നടത്തേണ്ടതുമെന്നാണ് റോത്ഗി വാദിച്ചത്. ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്.

കേസിന്റെ വിചാരണ വൈകുന്നതിനെതിരെ ഇറ്റലി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇറ്റലിയുടെ നിസഹകരണം മൂലമാണ് കേസ് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെതന്നെ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചിരുന്നു. കേസില്‍ പ്രതികളല്ലാത്ത നാല് ഇറ്റാലിയന്‍ നാവികരെ ചോദ്യംചെയ്യാന്‍ അനുമതി നല്‍കാത്തത് അടക്കമുള്ള കാരണങ്ങള്‍ കേസ് വൈകിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വിവരിച്ചിരുന്നു.

കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍ റിക്ക ലെക്‌സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇറ്റാലിയന്‍ നാവികരായ ലെത്തോറെ മാസിമിലിയാനൊ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് പ്രതികള്‍.

No comments:

Post a Comment

Contact Form

Name

Email *

Message *