Tuesday, 17 June 2014

ടെക്കികളുടെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ വിദ്യാര്‍ഥി പിടിയില്‍.

ആറ്റിങ്ങല്‍: ടെക്കികളുടെ അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് ലാപ്‌ടോപ്പുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചുവില്‍ക്കുന്ന കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വെ ക്രോസിന് സമീപം കൃഷ്ണവിലാസത്തില്‍ നിഥിനും (23) പതിനാറുവയസുള്ള കൂട്ടാളിയുമാണ് പിടിയിലായത്.
എട്ടു ലാപ് ടോപ്പുകള്‍, രണ്ടു എല്‍.സി.ഡി. ടെലിവിഷന്‍, ഒരു പ്രൊജക്ടര്‍, ഒരു ഹോം തീയേറ്റര്‍, ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍, ഒരു ഗിത്താര്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. മൊത്തം അഞ്ചു ലക്ഷം രൂപ വില വരും. ചില മോഷണ വസ്തുക്കള്‍ നാഗര്‍കോവിലിലെ ഒരു കടയിലാണ് വിറ്റത്. ഇവിടെ നിന്ന് ഏതാനും ലാപ്‌ടോപ്പുകള്‍ പിടിച്ചു. നാലെണ്ണം നിഥിന്റെ വീട്ടില്‍ നിന്ന് പിടികൂടി. കഴക്കൂട്ടം പോലീസില്‍ എട്ടും തുമ്പ പോലീസില്‍ രണ്ടും കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ഇനിയും തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും നിഥിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. കൂട്ടാളിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

മാര്‍ത്താണ്ഡം നാരായണഗുരു എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയ നിഥിന് ഏതാനും പേപ്പറുകള്‍ കിട്ടാനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരുവര്‍ഷം മുമ്പ് മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നുമാസത്തോളം റിമാന്‍ഡിലായിരുന്നു. ജാമ്യത്തുക കെട്ടിവെയ്്ക്കാന്‍ വീട്ടിലെ വണ്ടി വില്‍ക്കേണ്ടിവന്നുവെന്നും ഇത് തിരികെയെടുക്കാനുള്ള തുക കണ്ടെത്താനാണ് മോഷണം നടത്തിയതെന്നുമാണ് നിഥിന്‍ പറയുന്നത്. രണ്ടു ലാപ്‌ടോപ്പും പ്രൊജക്ടറും കേവലം 28,000 രൂപയ്ക്കാണ് നാഗര്‍കോവിലിലെ കടയില്‍ വിറ്റത്. മുമ്പും ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടില്ല. അയല്‍വാസിയായ കൂട്ടാളി മുമ്പ് മോഷ്ടിച്ച ലാപ്‌ടോപ്പ് വില്‍ക്കാന്‍ നിഥിനെയാണ് ഏല്‍പ്പിച്ചിരുന്നത്.
കഴക്കൂട്ടത്തും പരിസരത്തും ടെക്കികള്‍ കൂട്ടമായി താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നാണ് അടുത്തകാലത്തായി വ്യാപകമായി ലാപുകള്‍ മോഷ്ടിച്ചത്. ടെക്കികള്‍ താക്കോല്‍ വെയ്ക്കുന്ന സ്ഥലം രഹസ്യമായി മനസിലാക്കി അതെടുത്ത് പകലാണ് മോഷണം നടത്തിയിരുന്നത്. കിന്‍ഫ്ര വീഡിയോ പാര്‍ക്കിലെ വിനോദ് മുരളീധരന്‍, ടെക്‌നോപാര്‍ക്കിലെ ജോമോന്‍, അമ്പലത്തുകര ലളിത അപ്പാര്‍ട്ട്‌മെന്റിലെ അന്‍പരാജ്, ബി.പി.ഹോട്ടലിന് സമീപം ഫ്‌ലാറ്റില്‍ താമസിക്കുന്ന റീഗന്‍ ബാബു, കുട്ടിക്കാവ് അപ്പാര്‍ട്ട്‌മെന്റിലെ അന്‍പുഷ്, ആറ്റിന്‍കുഴിയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സായി ദര്‍ശന്‍, ടെക്‌നോപാര്‍ക്കിന് സമീപത്തെ അയ്യപ്പന്‍ നായര്‍, പള്ളിനടയിലെ ശ്രീജിത്ത്, പ്രണവം അപ്പാര്‍ട്ട്‌മെന്റിലെ കൊല്ലം സ്വദേശി അനന്തു എസ്.നായര്‍ തുടങ്ങിയവരുടെ ലാപ്‌ടോപ്പുകളും മറ്റുമാണ് നഷ്ടപ്പെട്ടത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.പ്രതാപന്‍ നായര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഷിബുകുമാര്‍, എസ്.ഐ. എസ്.ശ്രീജിത്ത്, അഡീഷണല്‍ എസ്.ഐ. ഡി.ഗോപി, എ.എസ്.ഐമാരായ ഹുസൈന്‍, സീതാറാം, കോണ്‍സ്റ്റബിള്‍മാരായ ഫ്രാങ്കിളിന്‍, പ്രദീപ്, ഷൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment

Contact Form

Name

Email *

Message *