Monday, 16 June 2014

എല്ലാവര്‍ക്കും പാചകവാതകം; ഡല്‍ഹി മണ്ണെണ്ണ മുക്തമായി

ന്യൂഡല്‍ഹി: മണ്ണെണ്ണ സ്റ്റൗവുകളില്‍ അടുപ്പുപുകയുന്ന കാലം തലസ്ഥാന നഗരത്തിന് പറഞ്ഞുരസിക്കാനുള്ള പഴങ്കഥ മാത്രം. നഗരം പൂര്‍ണമായി മണ്ണെണ്ണ മുക്തമായെന്ന്  സര്‍ക്കാറിന്റെ പ്രഖ്യാപനമെത്തി. ഭക്ഷ്യ പൊതുവിതരണ കമ്മീഷണര്‍ എസ്.എസ്. യാദവിന്റേതാണ് പ്രഖ്യാപനം.
2012-13 വര്‍ഷത്തില്‍ മൂന്ന് എണ്ണക്കമ്പനികളുടെ സഹകരണത്തോടെ തുടങ്ങിയതായിരുന്നു പദ്ധതി. നീല നിറമുള്ള മണ്ണെണ്ണ നഗരത്തില്‍ നിരോധിച്ചു. നിയമവിരുദ്ധവിതരണം ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാനായി ഭക്ഷ്യവകുപ്പ് '1967' എന്ന നമ്പറില്‍ പ്രത്യേക ഹെല്‍പ്പ്‌ലൈനും സജ്ജമാക്കി. 

 പദ്ധതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പാചകവാതക കണക്ഷന്‍, രണ്ട് ബര്‍ണര്‍ ഗ്യാസ് സ്റ്റൗവ്, റെഗുലേറ്റര്‍, സുരക്ഷാക്കുഴല്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തിരുന്നു. ജുഗ്ഗി റേഷന്‍ കാര്‍ഡുള്ളവര്‍, ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവര്‍, അന്ത്യോദയ-അന്നയോജന റേഷന്‍ കാര്‍ഡുടമകള്‍ എന്നിവരാണ് മുഖ്യമായും പാചകത്തിനായി മണ്ണെണ്ണ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള 3.56 ലക്ഷം കാര്‍ഡുടമകളുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ പാചകവാതക കണക്ഷനുണ്ടെങ്കില്‍ അവരെ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ ആക്കിയിരുന്നില്ല. സൗജന്യ ഗ്യാസ് കണക്ഷനായി 2,14,149 അപേക്ഷകള്‍ ലഭിച്ചിരുന്നതായും അതില്‍ 20,732 അപേക്ഷ തള്ളിയതായും എസ്.എസ്. യാദവ് അറിയിച്ചു. രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. 62 കോടി രൂപ പദ്ധതിക്കായി ചെലവിട്ടതായും അദ്ദേഹം അറിയിച്ചു. 

കേന്ദ്രസര്‍ക്കാറില്‍നിന്ന് 53,000 കിലോലിറ്റര്‍ മണ്ണെണ്ണയാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 12.5 ലിറ്റര്‍ മണ്ണെണ്ണ വീതം വിതരണം ചെയ്തിരുന്നു. ലിറ്ററിന് 15 രൂപയായിരുന്നു വില. നഗരം മണ്ണെണ്ണ മുക്തമായത് വഴി പ്രതിവര്‍ഷം 200 കോടി രൂപ സബ്‌സിഡിയിനത്തില്‍ ലാഭിക്കാനാവും. മണ്ണെണ്ണമുക്ത നഗരമായി പ്രഖ്യാപിച്ചതോടെ ഇനിമുതല്‍ നഗരത്തില്‍ മണ്ണെണ്ണ വിതരണമുണ്ടാവില്ല. വിഷാംശമുള്ള പുക, അഗ്നിദുരന്തം, പൊള്ളല്‍ മൂലമുള്ള അപായങ്ങള്‍, വായു മലിനീകരണം തുടങ്ങിയവ ഇല്ലാതാക്കി നഗരത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതിക്ക് കഴിഞ്ഞു. നഗരജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും പദ്ധതി ഗുണകരമായി. 

നീലനിറമുള്ള മണ്ണെണ്ണയാണ് പാചകാവശ്യത്തിനും മറ്റുമായി നഗരത്തില്‍ ഇതുവരെ വിതരണം ചെയ്യപ്പെട്ടിരുന്നത്. പദ്ധതി യാഥാര്‍ഥ്യമായതോടെ മണ്ണെണ്ണ നഗരത്തില്‍ നിരോധിക്കപ്പെട്ട വസ്തുവായി പ്രഖ്യാപിച്ചു. ഇതോടെ, ഇനിയുള്ള മണ്ണെണ്ണ വിതരണം നിയമവിരുദ്ധമായി കണക്കാക്കി കര്‍ശന ശിക്ഷാനടപടിയുമുണ്ടാവും. ഇത്തരം നിയമവിരുദ്ധ നടപടി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി അറിയിക്കാനാണ് ഹെല്‍പ്പ്‌ലൈന്‍. പരാതി ബന്ധപ്പെട്ട വകുപ്പിനെ എഴുതി അറിയിക്കുകയും ചെയ്യാം. അതേസമയം, സബ്‌സിഡി പരിധിയില്‍പ്പെടാത്ത, വെള്ളനിറമുള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നതില്‍ തെറ്റില്ല. 

No comments:

Post a Comment

Contact Form

Name

Email *

Message *