Saturday, 21 June 2014

രക്തം വില്പനയ്ക്കായി ഫ്രിഡ്ജില്‍ : സ്വകാര്യ ലാബുകളില്‍ റെയ്ഡ്; 18 എണ്ണം പൂട്ടി.

തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യലാബുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ ഫ്രിഡ്ജില്‍ രക്തം വില്പനയ്ക്ക് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. അവശ്യം വേണ്ട ശീതീകരണ സംവിധാനം ഇല്ലാതെയും കാലാവധി കഴിഞ്ഞ രാസവസ്തുക്കള്‍ ഉപയോഗിച്ചും അടിസ്ഥാന യോഗ്യതകള്‍പോലും ഇല്ലാത്ത ജീവനക്കാരുമാണ് മിക്ക പരിശോധനകളും ലാബുകളില്‍ നടത്തുന്നതെന്നും റെയ്ഡില്‍ കണ്ടെത്തി.
ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി നടത്തിവരുന്ന സേഫ് തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്‌കാനിങ് സെന്ററുകള്‍, ദന്താശുപത്രികള്‍, എക്‌സ്‌റേ യൂണിറ്റുകള്‍, ലബോറട്ടറികള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലെ ഗുരുതരക്രമക്കേടുക്കള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. 110 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18 സ്ഥാപനങ്ങള്‍ പൂട്ടിച്ചു..

ആരോഗ്യവകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഇല്ലാതെയും നഗരസഭ, പഞ്ചായത്ത് എന്നിവയുടെ ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച 46 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന നടത്തിയ 19 സ്ഥാപനങ്ങള്‍ പകര്‍ച്ചവ്യാധി പരത്തുന്നവയാണെന്ന് കണ്ടെത്തി. അവയുടെ വൃത്തിയില്ലായ്മ പരിഹരിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. 

പരിശോധന നടത്തിയശേഷം ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന 43 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇത്തരം ലാബുകള്‍ വഴി പകര്‍ച്ചവ്യാധി പടരാന്‍ ഏറെ സാദ്ധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം.സിറാബുദീന്‍ പറഞ്ഞു. ഇത്തരത്തില്‍ പകര്‍ച്ചവ്യാധി പടര്‍ത്തുന്ന 10 സ്ഥാപനങ്ങളാണ് ജില്ലയില്‍ കണ്ടെത്തിയത്. ക്രമക്കേടുകള്‍ പരിഹരിക്കാനായി 89 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അണുവിമുക്തമാക്കിയുള്ള പരിശോധന നടത്താത്ത മൂന്നെണ്ണവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മുന്ന് സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തി. 

പരിശോധന നടത്താന്‍ വേണ്ട അടിസ്ഥാനയോഗ്യതയില്ലാത്തവരാണ് മിക്ക ലാബുകളിലും ഉള്ളത്. മാത്രമല്ല ലാബുകളില്‍ റീഏജന്റായി ഉപയോഗിക്കേണ്ട രാസവസ്തുക്കള്‍ കാലാവധി കഴിഞ്ഞവയാണ്. എക്‌സ്‌റേ യൂണിറ്റുകള്‍, സ്‌കാനിങ് സെന്ററുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് മതിയായ പരിചയമോ യോഗ്യതയോ ഇല്ലാത്തവരുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ പരിശോധന സമയത്ത് നല്‍കിയ ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പ് വരുത്തിയശേഷമേ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഡി.എം.ഒ. യുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന റെയ്ഡില്‍ എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.ഉണ്ണികൃഷ്ണന്‍, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ.രാജു, പബ്ലിക് ഹെല്‍ത്ത് ലാബിലെ ചീഫ് ലാബ് ടെക്‌നിഷ്യന്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.പ്രേംലാല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.സി. വിജയകുമാര്‍, നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഉമ്മുസെല്‍മ, ഹെല്‍ത്ത് ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

No comments:

Post a Comment

Contact Form

Name

Email *

Message *