പൊലീസുകാർ പ്രതികളായ ബലാത്സംഗ കേസുകൾ 13, സ്ത്രീപീഡന കേസുകൾ 115. സംസ്ഥാനത്തെ കഴിഞ്ഞ മൂന്നു വർഷത്തെ കണക്കാണിത്. ഇതേ കാലയളവിൽ ക്രിമിനൽ കുറ്റത്തിന് നടപടിക്കിരയായത് 818 പൊലീസുകാരാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പൊലീസുകാർ പ്രതികളായ കേസുകളുടെ കണക്കുകൾ നിരത്തിയതിങ്ങനെ.ക്രിമിനൽ കുറ്റത്തിന് 307 പേരെയാണ് സർവീസിൽനിന്നു സസ്‌പെന്റ് ചെയ്തത്. 117 പേർ സ്ത്രീകൾക്കെതിരായ ആക്രമണ കേസുകളിൽ ഉൾപ്പെട്ടവരാണ്.
നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരിൽ ഒരു ഡി.ഐ.ജിയും എട്ട് ഡിവൈ.എസ്.പിമാരും ഏഴ് സി.ഐമാരും 75 എസ്.ഐമാരും 72 ഗ്രേഡ് എസ്.ഐമാരും 183 സിവിൽ പൊലീസ് ഓഫീസർമാരും 472 പൊലീസ് ഓഫീസർമാരും ഉൾപ്പെടും- കോടിയേരി ബാലകൃഷ്ണൻ, ബാബു എം. പാലിശേരി, വി. ചെന്താമരാക്ഷൻ, സി. കൃഷ്ണൻ, കെ.വി. അബ്ദുൾഖാദർ എന്നിവരെ മന്ത്രി അറിയിച്ചു.
സ്ത്രീപീഡനം, ബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് 86 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്വഭാവദൂഷ്യത്തിന്റെയും മറ്റു കുറ്റകൃത്യങ്ങളുടെയും പേരിൽ അച്ചടക്കനടപടിക്കു വിധേയരായ പൊലീസുദ്യോഗസ്ഥർ 3,044 പേരാണ്. ഇതിൽ 60 പേരെ പിരിച്ചുവിടുകയും 1205 പേരെ സസ്‌പെൻഡ് ചെയ്യുകയും 316 പേരെ സ്ഥലം മാറ്റുകയും ചെയ്തു. മൂന്നു വർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ ആറു പേരാണ് മരിച്ചത്. കാസർകോട്ടെ ബേഡകം, മലപ്പുറത്തെ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനുകളിലായി രണ്ടു പേർ ആത്മഹത്യ ചെയ്തു. കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടില്ലെങ്കിലും 11 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ കാലയളവിൽ ജോലിക്കിടെ രണ്ടു പൊലീസുകാർ കൊല്ലപ്പെടുകയും 1648 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് സ്‌റ്റേഷനുകളിൽ പൊലീസുകാർ പരസ്പരം അക്രമങ്ങളിലേർപ്പെട്ട രണ്ടു സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി, തൃശൂർ റൂറൽ എന്നിവിടങ്ങളിലായിരുന്നു അത്. പൊലീസ് ക്വാർട്ടേഴ്‌സിൽ അഞ്ചു പേരും മറ്റു ജോലിസ്ഥലങ്ങളിൽ നാലു പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.
No comments:
Post a Comment