Saturday, 21 June 2014

അനധികൃത പാര്‍ക്കിങ് ഫീ പിരിവ് : ആശുപത്രികള്‍ക്കും തിയേറ്ററുകള്‍ക്കും നോട്ടീസ്.

തിരുവനന്തപുരം: നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നഗരത്തിലെ സിനിമാശാലകളിലും സ്വകാര്യ ആശുപത്രികളിലും നടക്കുന്ന അനധികൃത പാര്‍ക്കിങ് ഫീസ് പിരിവിനെതിരെ ഒടുവില്‍ കോര്‍പ്പറേഷന്‍ നിയമനടപടി സ്വീകരിച്ചുതുടങ്ങി. പത്ത് സിനിമ തിയേറ്ററുകള്‍ക്കും മൂന്ന് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ക്കും, പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി. 
എസ്.എല്‍. തിയേറ്റര്‍ കോംപ്ലക്‌സിലെ അതുല്യ, അശ്വതി, ആതിര, അഞ്ജലി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, സ്വകാര്യ തിയേറ്ററുകളായ ധന്യ, രമ്യ, ശ്രീകുമാര്‍, ശ്രീവിശാഖ്, ആശുപത്രികളായ കിംസ്, എസ്.യു.ടി, കോസ്‌മോ എന്നിവര്‍ക്കുമാണ് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയത്. 

കെട്ടിട നിര്‍മാണചട്ടപ്രകാരം നിശ്ചിത അളവില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമവ്യവസ്ഥ ലംഘിച്ച് നടത്തുന്ന പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെയ്ക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എം.വി.ആര്‍ 99 റൂള്‍ 34 ടേബിള്‍ 5(2) പ്രകാരം സിനിമാശാലകള്‍ 15 സീറ്റിന് ഒരു കാര്‍ ഏരിയ എന്നവിധത്തില്‍ പാര്‍ക്കിങ് സൗകര്യം സൗജന്യമായി നല്‍കണം. ആശുപത്രികള്‍ 75 ചതുരശ്ര മീറ്ററിന് ഒരു കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കണം. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നടത്തുന്ന പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെച്ചില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നത് അടക്കമുള്ള വിപുലമായ അധികാരമാണ് നിയമം കോര്‍പ്പറേഷന് നല്‍കുന്നത്. 

എസ്.എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലാണ് ആദ്യം നോട്ടീസ് നല്‍കിയത്. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ തിയേറ്റര്‍ വളപ്പിന് പുറത്തിറക്കി ഗേറ്റ് പൂട്ടി. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ മടങ്ങി. തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ് പദ്മകുമാര്‍, പാളയം രാജന്‍ എന്നിവര്‍ സ്ഥലത്തെത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് അകത്ത് പ്രവേശിക്കാനും നോട്ടീസ് നല്‍കാനും കഴിഞ്ഞത്. 

അതേസമയം നഗരത്തിലെ എല്ലാ തിയേറ്ററുകള്‍ക്കും പാര്‍ക്കിങ് ഫീ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ആറ് തിയേറ്ററുകള്‍ക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കേണ്ടതുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. അനധികൃതമായി പാര്‍ക്കിങ് ഫീ പിരിക്കുന്നുവെന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കാന്‍ കഴിയുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട് . ആദ്യം പരിശോധന നടത്തിയെങ്കിലും പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുകയായിരുന്നു. ഭൂരിഭാഗം തിയേറ്ററുകളിലും പാര്‍ക്കിങ് ഫീ പിരിവ് നടക്കുന്നെങ്കിലും റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ ഭാഗികമായി മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ചില തിയേറ്ററുകളെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുെവച്ചതായി ആരോപണമുണ്ട്.

തിയേറ്ററുകളിലെ അനധികൃത പിരിവിനെതിരെ പരാതി ഉയര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്തുകളിക്കുകയായിരുന്നു. ശക്തമായ ജനരോഷം ഉണ്ടായിട്ട് കൂടി കോര്‍പ്പറേഷന്‍ അധികൃതര്‍ തിയേറ്റര്‍ ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ തിയേറ്റര്‍ കോംപ്ലക്‌സിലെ പാര്‍ക്കിങ് ഫീ പിരിവ് വി.ശിവന്‍കുട്ടി എം.എല്‍.എ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചെങ്കിലും കോര്‍പ്പറേഷന്‍ തുടര്‍നനടപടി എടുക്കാത്തതിനാല്‍ പുനരാരംഭിച്ചിരുന്നു. 

ഇതിന്റെ മറപറ്റിയാണ് സ്വകാര്യ തിയേറ്ററുകളിലും പാര്‍ക്കിങ് ഫീ പിരിവ് പുനരാരംഭിച്ചത്. വീണ്ടും ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മേയര്‍ അടക്കമുള്ള ഭരണ നേതൃത്വം ഉണര്‍ന്നത്. കൗണ്‍സിലില്‍ പ്രശ്‌നം ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ ചില കൗണ്‍സിലര്‍മാര്‍ തിയേറ്ററുകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. 3000 രൂപ ഫീസ് വാങ്ങി തിയേറ്ററുകള്‍ക്ക് പാര്‍ക്കിങ് ഫീ വാങ്ങാനുള്ള അനുമതി നല്‍കണമെന്നായിരുന്നു ചില കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ നിയമോപദേശം തേടാന്‍ മേയര്‍ തീരുമാനിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായിരുന്നില്ല. 

No comments:

Post a Comment

Contact Form

Name

Email *

Message *