Thursday, 26 June 2014

പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം ഇനി അനുമതി-മുഖ്യമന്ത്രി.

തിരുവനന്തപുരം: പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമേ ഇനി അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യാസക്തി കുറച്ചുകൊണ്ടുവരാതെ മദ്യം നിരോധിച്ചാല്‍ അതിന്റെ പ്രയോജനം സമൂഹത്തിനുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണവും ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


മൂന്ന് വര്‍ഷമായി പുതിയ ഷാപ്പുകള്‍ ഒന്നുംതന്നെ തുടങ്ങിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ പോലും ബിവറേജസിന് മുന്നില്‍ വരി കണ്ടു. ലഹരിവിരുദ്ധദിനത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടാമെന്ന തീരുമാനം എക്‌സൈസ് വകുപ്പിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നാര്‍ക്കോട്ടിക് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് അധ്യക്ഷനായ മന്ത്രി കെ.ബാബു പറഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 13 ലഹരി വിമുക്ത ചികിത്സാകേന്ദ്രങ്ങള്‍ക്ക് മൂന്ന് ഗഡുവായി ധനസഹായം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്ന കേന്ദ്രങ്ങള്‍ക്കും ഇനി സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കും. ലഹരി വിരുദ്ധ മേഖലയില്‍ മികച്ച സേവനം നല്‍കുന്ന പഞ്ചായത്തിനും ഇനി അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ കെ.ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പി.വിജയന്‍, കൗണ്‍സിലര്‍ ആര്‍.ഹരികുമാര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.വി.മുരളികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *