Monday, 16 June 2014

നല്ല അയല്‍ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധം: മോദി.

തിമ്പു: അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


ഇന്ത്യയുടെ വികസനം ഭൂട്ടാന്‍ പോലെയുള്ള അയല്‍രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും ഇന്ത്യയിലെ ഭരണ മാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജഭരണത്തില്‍നിന്നും ജനാധിപത്യ സമ്പ്രദായത്തിലേക്കുള്ള സുഗമമായ മാറ്റം ഭൂട്ടാന്റെ രാഷ്ട്രീയ പക്വതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു.

തീവ്രവാദം രാജ്യങ്ങളെ തമ്മില്‍ വിഭജിക്കുമ്പോള്‍ ടൂറിസം ഒന്നിപ്പിക്കുമെന്നും ടൂറിസം രംഗത്ത് ഭൂട്ടാന് മികച്ച സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജലവൈദ്യുത പദ്ധതി രംഗത്ത് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സഹകരണം ഇനിയും വര്‍ധിപ്പിക്കുമെന്നും ഭൂട്ടാനിലെ യുവജനതയെ സാങ്കേതികരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സഹായിക്കുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യ വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി ഭൂട്ടാനിലെത്തിയത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബെ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭൂട്ടാനിലെ സുപ്രീംകോടതി മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ത്യയുടെ സഹായത്തോടെയുള്ള 600 മെഗാവാട്ടിന്റെ കൊലോങ്ജു ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *