Tuesday, 24 June 2014

മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലെയെത്തി.

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകമായ മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലത്തിലായി. ലക്ഷ്യത്തിലെത്താന്‍ അടുത്ത 92 ദിവസത്തിനുള്ളില്‍ 24 മില്യണ്‍ കിലോമീറ്റര്‍കൂടി സഞ്ചരിക്കണം. പേടകത്തില്‍നിന്ന് വിവരം ഭൂമിയിലെത്താന്‍ ആറ്് മിനിറ്റും മുപ്പത് സെക്കന്‍ഡുമാണ് ഇപ്പോള്‍ വേണ്ടിവരുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് കടക്കാന്‍ ഇനിയുള്ള 92 ദിവസം നിര്‍ണായകമാണ്.
സഞ്ചാരപഥത്തിലെ രണ്ടാം തിരുത്തല്‍ ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കിയത് ജൂണ്‍ പതിനൊന്നിനാണ്. അന്നേദിവസം വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറു റോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്.

മാറ്റം വരുത്തിയ സഞ്ചാരപഥത്തിലൂടെ സഞ്ചരിച്ചാണ് പേടകം സപ്തംബര്‍ 24-ന് ചൊവ്വയില്‍ പ്രവേശിക്കുന്നത്. 2013 ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാനെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ പരിധിയായ 9.75 ലക്ഷം കിലോമീറ്റര്‍ ഭേദിച്ച പേടകത്തെ ആദ്യമായാണ് സഞ്ചാരപഥ തിരുത്തലിന് വിധേയമാക്കിയത്. സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന 2014 സപ്തംബര്‍ 24-ാണ് ഇനി ഏറെ നിര്‍ണായകം.
ഒമ്പതുമാസം എടുത്താണ് പേടകം ചൊവ്വയെ ചുറ്റാനായി എത്തുന്നത്.
ദീര്‍ഘവൃത്തത്തിലുള്ളതാണ് ഭ്രമണപഥം. ചൊവ്വയോട് ഏറ്റവും അടുക്കുമ്പോള്‍ ദൂരം 372 കിലോമീറ്ററും ഏറ്റവും അകലുമ്പോള്‍ എണ്‍പതിനായിരം കിലോമീറ്ററുമായിരിക്കും അകലം. ചൊവ്വാദൗത്യത്തിന് 450 കോടി രൂപയാണ് ചെലവ്. 1,350 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനായുള്ള അഞ്ച് ഉപകരണങ്ങള്‍ക്ക് (പേലോഡ്‌സ്) 15 കിലോഗ്രാം ഭാരം വരും.



WATCH  NEWS VIDEOS


No comments:

Post a Comment

Contact Form

Name

Email *

Message *