Thursday, 26 June 2014

സുഡാനില്‍ മതംമാറിയതിന് ശിക്ഷിക്കപ്പെട്ട യുവതിയെ വിട്ടയച്ചു.

ഖാര്‍തോം : സുഡാനില്‍ മതം മാറി ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി വീണ്ടും ജയില്‍ മോചിതയായി. ഡോക്ടര്‍ മറിയം യെഹ്യ ഇബ്രാഹിം ഇഷാഗും കുഞ്ഞും ഇപ്പോള്‍ യു.എസ് എമ്പസിയില്‍ അഭയം തേടിയിരിക്കുകയാണ്.

രാജ്യം വിട്ടുപോകരുതെന്ന നിബന്ധനയില്‍ കഴിഞ്ഞ ആഴ്ചയാണ് മറിയത്തെ ജയില്‍ മോചിതയാക്കിയത്. എന്നാല്‍ വ്യാജരേഖകളുമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സുഡാന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ നിന്നും യുവതിയെ വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. രാജ്യം വിട്ടുപോകില്ലെന്ന ഉറപ്പില്‍ ആള്‍ ജാമ്യത്തിലാണ് ഇവരെ വീണ്ടും മോചിപ്പിച്ചത്.


സ്വന്തം മതത്തിലേക്ക് തിരികെ പോകാന്‍ മൂന്നുദിവസം സമയം അനുവദിച്ചിട്ടും തയ്യാറാകാത്തതിനായിരുന്നു കോടതി മറിയത്തിന് വധശിക്ഷ വിധിച്ചത്. ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്നും അതിനാല്‍ വ്യഭിചാരത്തിന് 100 ചാട്ടയടി നല്‍കാനും കോടതി വിധിച്ചിരുന്നു. വിധി വന്ന സമയത്ത് ഗര്‍ഭിണിയായിരുന്ന മറിയത്തിന്റെ ശിക്ഷ രണ്ട് വര്‍ഷത്തിനുശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

താന്‍ മുസ്ലിമല്ലെന്നും ക്രിസ്ത്യാനിയാണെന്നുമാണ് യുവതിയുടെ വാദം. അവരുടെ പിതാവ് മുസ്ലിമായിരുന്നെങ്കിലും ക്രിസ്ത്യാനിയായ അമ്മയ്‌ക്കൊപ്പമാണ് അവര്‍ വളര്‍ന്നത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഇസ്‌ലാമിക രാജ്യമായ സുഡാനില്‍ മതപരിത്യാഗം കുറ്റകരമാണ്.

No comments:

Post a Comment

Contact Form

Name

Email *

Message *