Wednesday, 25 June 2014

ദേശീയപാതാ വികസനം: വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേന്ദ്രം.

ന്യൂഡല്‍ഹി : ദേശീയപാതാ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കി. ടോള്‍ പിരിവ് ഒഴിവാക്കിയുള്ള ദേശീയപാതാ വികസനം സാധ്യമല്ലെന്ന് കഴിഞ്ഞദിവസം നടന്ന ദേശീയപാതാ വികസന അവലോകന യോഗത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
 
ഒരു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാറിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയയ്ക്കും. 80 ശതമാനം ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ ദേശീയപാത വികസിപ്പിക്കില്ല. പുനരധിവാസ പാക്കേജിന് കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം വിവരിച്ച് ഈയാഴ്ചതന്നെ ഗഡ്കരി മുഖ്യമന്ത്രിക്ക് കത്തയയ്ക്കും. 

കേരളത്തെ പ്രതിനിധാനംചെയ്ത് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ നിലവിലുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹം വിശദമായി അവതരിപ്പിച്ചു. എന്‍.എച്ച്-17, എന്‍.എച്ച്-47 എന്നിവയുടെ വികസനം വഴിമുട്ടിയതില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. പാതകള്‍ക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ 13 വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. തുടര്‍ന്ന്, രണ്ട് ദേശീയപാതകളും വികസിപ്പിക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കേണ്ടിവന്നതും കേന്ദ്രസര്‍ക്കാര്‍ ഓര്‍മിപ്പിച്ചു.

പാതയുടെ ഇരുവശങ്ങളുടെയും വികസനവും ഭൂമി വിട്ടുതരുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതുമാണ് മുഖ്യതടസ്സമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം ശുപാര്‍ശ ചെയ്ത കോമ്പിറ്റന്റ് അതോറിറ്റി ഫോര്‍ ലാന്‍ഡ് അക്വിസിഷന്‍ (കാല) വ്യവസ്ഥകള്‍ കേരളത്തില്‍ പ്രായോഗികമല്ല. അതനുസരിച്ചുള്ള നഷ്ടപരിഹാരം ഭൂമി വിട്ടുതരുന്നവര്‍ക്ക് വന്‍തോതില്‍ നഷ്ടമുണ്ടാക്കും. നിലവിലുള്ള വിപണിവിലയ്ക്ക് തുല്യമായിട്ടുള്ള നഷ്ടപരിഹാരം നല്‍കിയെങ്കിലേ ഭൂമി ഏറ്റെടുക്കാനാവൂ. ഇക്കാര്യത്തില്‍ കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാര പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണമെന്നും ടി.ഒ. സൂരജ് ആവശ്യപ്പെട്ടു.
എന്നാല്‍, നിലവിലുള്ള ദേശീയ വ്യവസ്ഥ അനുസരിച്ചേ നഷ്ടപരിഹാരം നല്‍കാനാവൂവെന്ന് ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രിയും പറഞ്ഞു. അപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നഷ്ടപരിഹാര നിയമമനുസരിച്ച് കേരളത്തിന് അനുകൂലമായി നടപടിയെടുക്കണമെന്ന് സൂരജ് അഭ്യര്‍ഥിച്ചു. ഇക്കാര്യം, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പരിഗണിക്കാമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 

ദേശീയപാത വികസിപ്പിക്കണമെങ്കില്‍ 80 ശതമാനം ഭൂമി ഏറ്റെടുത്ത് നല്‍കണം. ഇതിന് തയ്യാറായാല്‍ വിജ്ഞാപനം പിന്‍വലിച്ചിട്ടുള്ള എന്‍.എച്ച്-17, എന്‍.എച്ച്-47 എന്നിവയുടെ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്താം. സംസ്ഥാനങ്ങളെല്ലാം ടോള്‍ പിരിവിന് സന്നദ്ധരാണ്. കേരളത്തില്‍മാത്രമാണ് ഇതിന് തടസ്സം. ദേശീയപാതാ വികസനത്തിന് 80 ശതമാനം ഭൂമി ഏറ്റെടുക്കല്‍, ടോള്‍ പിരിവ് എന്നീ രണ്ട് കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. -നിതിന്‍ ഗഡ്കരി പറഞ്ഞു. 

ദേശീയപാതയുടെ വീതി 45 മീറ്ററാക്കണമെന്നുള്ള വ്യവസ്ഥയിലും കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. എന്നാല്‍, ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയും വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദേശീയപാതകള്‍ക്കരികില്‍ ഉള്ളതിനാല്‍ റോഡിന്റെ അലെയ്ന്‍മെന്റില്‍ മാറ്റം വരുത്തണമെന്നുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കും.

ജനങ്ങളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുമ്പോഴുള്ള നഷ്ടപരിഹാരത്തിന് കൂടുതല്‍ വിഹിതം അനുവദിക്കണമെന്നുള്ള ആവശ്യവും പരിഗണിക്കും. ദേശീയപാതകളുടെ വികസനം വേഗമാക്കാനാണ് കേന്ദ്രനീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിമാരുടെയും ഗതാഗതമന്ത്രിമാരുടെയും യോഗം വിളിക്കും. 

No comments:

Post a Comment

Contact Form

Name

Email *

Message *