Wednesday, 25 June 2014

900 പ്രകാശവര്‍ഷമകലെ ഭൂമിയുടെ വലിപ്പമുള്ള വജ്രം കണ്ടെത്തി.

ഭൂമിയുടെ വലിപ്പമുള്ള വജ്രത്തിന്റെ കാര്യം പരിഗണിക്കുക. അത്തരമൊന്നുണ്ടാവുക അസാധ്യമെന്ന് തോന്നാം. എന്നാല്‍, ഭൂമിയില്‍നിന്ന് 900 പ്രകാശവര്‍ഷമകലെഅത്തരമൊരു വിചിത്രവസ്തു കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശ്ശാസ്ത്രജ്ഞര്‍.


ഇതുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും തണുപ്പേറിയ, മങ്ങിയ വെള്ളക്കുള്ളന്‍ ( white dwarf ) താരമാകാമതെന്ന് ഗവേഷകര്‍ പറയുന്നു. നമ്മുടെ ആകാശഗംഗയുടെ പ്രായമുള്ള, എന്നുവെച്ചാല്‍ 1100 കോടി വര്‍ഷം പഴക്കമുള്ള വസ്തു. കാലക്രമത്തില്‍ അത് തണുത്തുറഞ്ഞ് വജ്രമായി മാറിയിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

സൂര്യന്റെ വലിപ്പമുള്ള നക്ഷത്രങ്ങള്‍ ഇന്ധനം എരിഞ്ഞുതീര്‍ന്ന് അന്ത്യത്തിലെത്തുമ്പോള്‍, കഠിനമായ ഗുരുത്വബലത്താല്‍ ചുരുങ്ങി ഏതാണ്ട് ഭൂമിയുടെ വ്യാസമുള്ള മങ്ങിയ ആകാശഗോളങ്ങളായി മാറും. വെള്ളക്കുള്ളന്‍മാര്‍ എന്നറിയപ്പെടുന്ന അവ ക്രമേണ തണുക്കും. 

അക്വാറിയസ് ( Aquarius ) നക്ഷത്രഗണത്തില്‍ കണ്ടെത്തിയ പുതിയ വെള്ളക്കുള്ളന്റെ താപനില വെറും 5000 ഫാരന്‍ഹെയ്റ്റ് മാത്രമാണെന്ന്, വിസ്‌കോന്‍സിന്‍-മില്‍വോക്കീ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. സൂര്യന്റെ കേന്ദ്രത്തിലെ താപനില ഇതിന്റെ അയ്യായിരം മടങ്ങാണ്.

'ശ്രദ്ധേയമായ ഒരു വസ്തുവാണത്' - വജ്രനക്ഷത്രം കണ്ടെത്തുന്നതിന് നേതൃത്വം നല്‍കിയ വിസ്‌കോന്‍സിന്‍-മില്‍വോക്കീ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡേവിഡ് കപ്ലാന്‍ പറയുന്നു. 

തീരെ തണുത്തുമങ്ങിയ ആ വെള്ളക്കുള്ളനെ അതിന്റെ കൂട്ടാളിയായ പള്‍സര്‍ ഇല്ലായിരുന്നെങ്കില്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിയില്ലായിരുന്നു. ഭ്രമണം ചെയ്യുന്ന ന്യൂട്രോണ്‍ താരങ്ങളെയാണ് പള്‍സറുകളെന്ന് വിളിക്കുന്നത്. 

ആ വെള്ളക്കുള്ളന്‍-പള്‍സര്‍ ജോടി ഏതാണ്ട് 2.45 ദിവസം കൂടുമ്പോള്‍ ഒരു തവണ പരസ്പരം ചുറ്റുന്നു. സൂര്യന്റെ 1.2 മടങ്ങാണ് പള്‍സറിന്റെ ദ്രവ്യമാനം (പിണ്ഡം), വെള്ളക്കുള്ളന് സൂര്യന്റെ അതേ ദ്രവ്യമാനവും. പള്‍സറിന് മേല്‍ വെള്ളക്കുള്ളന്‍ നടത്തുന്ന ഗുരുത്വബല സ്വാധീനമാണ്, വെള്ളക്കുള്ളനെ കണ്ടെത്തുന്നതിലേക്ക് ഗവേഷകരെ നയിച്ചത്. 

നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററി ( NRAO ), ഗ്രീന്‍ ബാങ്ക് ടെലസ്‌കോപ്പ് ( GBT ), വെരി ലോങ് ബേസ്‌ലൈന്‍ അരേയ് ( VLBA ) എന്നിവ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് കപ്ലാനും കൂട്ടരും പുതിയ വെള്ളക്കുള്ളന്റെ സാന്നിധ്യം കണ്ടെത്തിയത്. 

ന്യൂട്രോണ്‍ താരങ്ങളെ ചുറ്റുന്ന ഇതുവരെ കണ്ടെത്തിയ വെള്ളക്കുള്ളന്‍മാരെ അപേക്ഷിച്ച് 100 മടങ്ങ് മങ്ങിയതാണ് പുതിയ വെള്ളക്കുള്ളന്‍. അറിയപ്പെടുന്ന മറ്റ് വെള്ളക്കുള്ളന്‍മാരെക്കാളും പത്തുമടങ്ങ് മങ്ങിയതും. 

അതിനുണ്ടെന്ന് ഗവേഷകര്‍ കണക്കുകൂട്ടിയ താപനില വെച്ച്, ആ ഗോളം മുഴുവന്‍ കാര്‍ബണ്‍ പരലായി മാറിയിരിക്കാനാണ് സാധ്യത. എന്നുവെച്ചാല്‍ വജ്രമായി മാറിയിരിക്കാന്‍! അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിലാണ് കണ്ടത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. (കടപ്പാട് : University of Wisconsin-Milwaukee, IANS ).

No comments:

Post a Comment

Contact Form

Name

Email *

Message *