Tuesday, 17 June 2014

ഇറാഖില്‍ 40 ഇന്ത്യക്കാരെ വിമതര്‍ തട്ടിക്കൊണ്ടുപോയി.

ന്യൂഡല്‍ഹി: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ഇറാഖിലെ മൊസൂളില്‍നിന്ന് 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. മൊസൂളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നവരെയാണ് ആയുധങ്ങളുമായെത്തിയ സുന്നി വിമതസംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്. ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.


സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. റെഡ്ഡിയെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ ഇറാഖിലേയ്ക്കുള്ള പ്രത്യേക ദൂതനായി കഴിഞ്ഞദിവസം നിയമിച്ചിരുന്നു.

ഇന്ത്യന്‍ തൊഴിലാളികളെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഇറാഖില്‍ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ എ.കെ ഡോവലിനാണ് ചുമതല.

അതിനിടെ, അടിയന്തിര സാഹചര്യമുണ്ടായാല്‍ ഇറാഖിലേയ്ക്ക് പോകാന്‍ സജ്ജരായിരിക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചു. വ്യോമസേനയുടെ സി 17, സി 130 ജെ വിമാനങ്ങള്‍ ഒരുക്കിനിര്‍ത്താനാണ് നിര്‍ദേശം. ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണിത്.

തിക്രിതില്‍ കഴിയുന്ന 46 നഴ്‌സുമാരെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം റെഡ് ക്രെസന്റ് സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ 44 പേരും മലയാളികളാണ്. നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ അധികൃതരെ അവര്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കണോ എന്ന് എഴുതി നല്‍കാന്‍ നഴ്‌സുമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രശ്‌നം അവസാനിക്കുംവരെ ഇറാഖില്‍ തുടരാന്‍ നഴ്‌സുമാരില്‍ ഭൂരിഭാഗവും താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന.

തിക്രിത് നഗരത്തില്‍നിന്ന് നഴ്‌സുമാരെ പുറത്തെത്തിക്കുക സുരക്ഷിതമായിരിക്കില്ലെന്നാണ് കണക്കുകൂട്ടുന്നത്. ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ഐ.എസ്.ഐ.എസ്സിന്റെ (ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ) നിയന്ത്രണത്തിലാണ് ഇപ്പോള്‍ തിക്രിത് പട്ടണം. അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ഇറാഖില്‍നിന്ന് മടങ്ങുന്നത് ആലോചിക്കാന്‍ അവിടുത്തെ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇറാഖിലേക്ക് യാത്ര ഒഴിവാക്കാനും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയുണ്ടായി. പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് ഇറാഖില്‍ കഴിയുന്നത്. ബാഗ്ദാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ മുഴുവന്‍സമയ ഹെല്‍പ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *