Wednesday, 25 June 2014

പുതിയ ഗവര്‍ണര്‍മാര്‍ ഉടന്‍; രാജിവെക്കാത്തവരെ സ്ഥലം മാറ്റും.

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടാത്ത മുതിര്‍ന്ന ബി.ജെ.പി. നേതാക്കളില്‍ ഒട്ടേറെപ്പേര്‍ ഉടന്‍ ഗവര്‍ണര്‍മാരാകും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് അരഡസന്‍ ബി.ജെ.പി നേതാക്കളെയെങ്കിലും ഗവര്‍ണര്‍മാരായി നിയമിക്കാനാവുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഗവര്‍ണര്‍മാരായി നിയമിക്കേണ്ട നേതാക്കളുടെ പട്ടിക ബി.ജെ.പി നേതൃത്വം തയ്യാറാക്കിവരികയാണ്. 


പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉന്നത ആര്‍.എസ്.എസ്. നേതാക്കളുമായും ചര്‍ച്ച നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. മുന്‍ഗണനാ ക്രമത്തിലാവും നിയമനം. 

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാനുള്ള തീരുമാനവുമായി എന്‍.ഡി.എ. സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഉത്തര്‍ പ്രദേശിലെയും ഛത്തീസ്ഗഢിലെയും ഗവര്‍ണര്‍മാര്‍ രാജിവെച്ചുകഴിഞ്ഞു. കര്‍ണാടക ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജിന്റെയും ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കൊന്‍വറിന്റെയും കാലാവധി ജൂണ്‍ 28-നും 29-നും പൂര്‍ത്തിയാകും. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനും നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വനികുമാറും ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ജൂലായ് ആദ്യവാരത്തോടെ ആറ് ഗവര്‍ണര്‍ പദവികളില്‍ ഒഴിവുവരും. ഈ ഒഴിവുകളില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍മാരാക്കാനാണ് ഉദ്ദേശ്യം. ജൂലായ് ഏഴിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിനുമുമ്പ് ഇതു നടപ്പാക്കുമെന്നാണറിവ്.
ഡോ. മുരളീമനോഹര്‍ ജോഷി, കല്യാണ്‍ സിങ്, കേശുഭായ് പട്ടേല്‍, ലാല്‍ജി ഠണ്ഡന്‍, സി.പി. ഠാക്കൂര്‍, കേശുഭായ് പട്ടേല്‍, വി.കെ. മല്‍ഹോത്ര, ഒ. രാജഗോപാല്‍ തുടങ്ങിയ നേതാക്കളെ ഗവര്‍ണര്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനെയും, ഗോവ ഗവര്‍ണര്‍ ബി.വി. വാഞ്ചുവിനെയും സി.ബി.ഐ. ചോദ്യംചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ രാജി െവക്കുകയാണ് ഉചിതമെന്ന് ആഭ്യന്തര മന്ത്രാലയം വാഞ്ചുവിനോട് സൂചിപ്പിച്ചതായി അറിയുന്നു.

ഹരിയാണ ഗവര്‍ണര്‍ ജഗന്നാഥ് പഹാഡിയയുടെ കാലാവധി ജൂലായ് 26-നും രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയുടെ കാലാവധി ആഗസ്ത് അഞ്ചിനും പൂര്‍ത്തിയാകും. ഇരുവരെയും കാലാവധി പൂര്‍ത്തിയാക്കുംവരെ തുടരാന്‍ അനുവദിക്കുമെന്നാണറിയുന്നത്. ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാളിന്റെ കാലാവധി ഒക്ടോബര്‍ 14-നാണ് പൂര്‍ത്തിയാകുന്നത്. ഇവരോട് രാജിവെക്കാന്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടാവില്ലെന്നും ഗുജറാത്ത് ഗവര്‍ണറെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്നുമാണ് സൂചന. 
കേരള ഗവര്‍ണര്‍ ഷീലാദീക്ഷിത്, മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ എന്നിവര്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ സമ്മര്‍ദ തന്ത്രമെന്ന നിലയില്‍ ഇവരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയേക്കും. 

ഗവര്‍ണര്‍മാരെ മാറ്റുന്നതിന് എന്‍.ഡി.എ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാര്‍ ഇനി തുടരേണ്ടതില്ല എന്ന സമീപനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വവും നീങ്ങുന്നതായാണറിവ്. പ്രതിഷേധം പ്രകടിപ്പിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടി മുന്‍നേതാക്കളായ ഗവര്‍ണര്‍മാര്‍ രാജിവെച്ചോട്ടെ എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിേച്ചക്കും.

No comments:

Post a Comment

Contact Form

Name

Email *

Message *