Monday, 30 June 2014

സ്ഥലം ലഭിച്ചയിടത്തും ദേശീയപാത വികസനം വൈകുന്നതെന്ത്? - ഹൈക്കോടതി.

കൊച്ചി: ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ സ്ഥലം ലഭിച്ചയിടത്തുപോലും വീതി കൂട്ടാതെ മിണ്ടാതിരിക്കുന്നതെന്തെന്ന് ഹൈക്കോടതി. കൊല്ലം-തിരുവനന്തപുരം, ആലപ്പുഴ-ഹരിപ്പാട് മേഖലകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം ലഭിച്ചിട്ടുണ്ട്. എന്നിട്ടും അവിടെ റോഡ് വികസനം നടത്താത്തതെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്. ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.


ദേശീയപാത 47, 17 എന്നിവ 45 മീറ്ററിനേക്കാള്‍ കുറയ്ക്കരുതെന്ന് കാണിച്ച് വടകര സ്വദേശികളായ എം.പി. സുരേഷ് ബാബുവിന്റെയും മറ്റും ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഈ ഇടക്കാല ഉത്തരവ്. റോഡിന്റെ വീതി 30 മീറ്ററാക്കി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പൊതു മരാമത്ത് വകുപ്പ് അണ്ടര്‍ സെക്രട്ടറി എം.ജി. രഞ്ജിത് കുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. 45 മീറ്ററാക്കാനാണ് നയ തീരുമാനം. അതനുസരിച്ച് പദ്ധതിക്ക് മുഴുവന്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടിയാരംഭിച്ചിരുന്നു.

കുറ്റിപ്പുറം-തലപ്പാടി, കുറ്റിപ്പുറം-ഇടപ്പള്ളി എന്നിങ്ങനെ രണ്ട് ഘട്ടമായാണ് ദേശീയ പാത 17 വികസനം നടപ്പാക്കുന്നത്. എന്നാല്‍ കുറ്റിപ്പുറം-ഇടപ്പള്ളി മേഖലയില്‍ സ്ഥലം കിട്ടാനുള്ള തടസ്സം പരിഗണിച്ച് ആ മേഖലയെ വിജ്ഞാപന പരിധിയില്‍ നിന്ന് ഒഴിവാക്കി. 2014 മാര്‍ച്ച് 5-ലാണ് ഇതിനുള്ള ഉത്തരവ് ഇറങ്ങിയത്. ആ മേഖലയില്‍ സ്ഥലം ലഭിക്കുന്നതനുസരിച്ച് 45 മീറ്ററായി വികസിപ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.

അതേസമയം, സ്ഥലം എറ്റെടുത്ത് കിട്ടാത്തതാണ് ദേശീയപാതാ വികസനം വൈകാന്‍ കാരണമെന്ന് കോഴിക്കോട്ടെ ദേശീയപാതാ പദ്ധതി നടത്തിപ്പ് യൂണിറ്റ് കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. ചില സ്ഥലമുടമകളുടെയും മറ്റും എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം വീതി 30 മീറ്ററാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞത് 45 മീറ്ററെങ്കിലും വീതിയില്‍ സ്ഥലം ലഭിച്ചാലേ വികസനം നടത്താനാവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് 2010 ആഗസ്ത് 17-ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം 45 മീറ്ററില്‍ത്തന്നെ ഇരു ദേശീയ പാതകളും വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

അതനുസരിച്ച് സ്ഥലമെടുപ്പുമായി മുന്നോട്ടു പോയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പും മറ്റും മൂലം രണ്ട് തവണ വിജ്ഞാപനം ലാപ്‌സായി. ഒച്ചിഴയും പോലെയാണ് നടപടികള്‍ നീങ്ങുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടപടികള്‍ക്ക് സംരക്ഷണം ലഭിച്ചില്ലെങ്കില്‍ വിജ്ഞാപനം വീണ്ടും ലാപ്‌സാവുമെന്നും പൊതു ഖജനാവിന് കൂടുതല്‍ നഷ്ടം സംഭവിക്കുമെന്നും ദേശീയപാതാ പദ്ധതി നടത്തിപ്പ് യൂണിറ്റിന്റെ വിശദീകരണത്തില്‍ പറയുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *