Wednesday, 25 June 2014

പ്രതിരോധമേഖലയിലെ 100 ശതമാനം വിദേശനിക്ഷേപം രാജ്യദ്രോഹം: എ.കെ. ആന്റണി.

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രതിരോധ മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കിയത് രാജ്യദ്രോഹ നടപടിയാണെന്ന് കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു. രാജ്യത്ത് സര്‍വനാശം വിതയ്ക്കുന്ന സാമുദായിക വര്‍ഗീയ ധ്രുവീകരണത്തിനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുളള നീക്കം. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ മദ്യവിമുക്ത നയത്തിന് ശക്തമായ പിന്തുണയുണ്ടാകുമെന്നും എ.കെ. ആന്റണി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ തദ്ദേശ സ്വയം ഭരണസ്ഥാപന ഭാരവാഹികളുടെ ദക്ഷിണ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
 
അധികാരത്തിലേറിയപ്പോള്‍ തന്നെ രാജ്യാന്തരതലത്തിലുള്ള ബഹുരാഷ്ട്രകുത്തകകളെ തൃപ്തിപ്പെടുത്താനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായാണ് പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്നത്. 

എട്ടുവര്‍ഷം പ്രതിരോധമന്ത്രി സ്ഥാനത്തിരുന്നയാളാണ് താന്‍. ഇതിലെ അപകടം എത്രത്തോളമുണ്ടെന്നറിയാവുന്നതുകൊണ്ടാണിത് പറയുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 26 ശതമാനം നിക്ഷേപം അനുവദിച്ചത് കടുത്ത നിബന്ധനകളോടെയാണ്. ഇതിപ്പോള്‍ പ്രതിരോധമേഖല പൂര്‍ണമായും തുറന്നുകൊടുത്തിരിക്കുകയാണ്. തന്ത്രപ്രധാനമായ ഈ മേഖല തുറന്നുകൊടുത്തതിലൂടെ മോദി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമാണ്. ഇനി രാജ്യത്തെ കുത്തകകളെ തൃപ്തിപ്പെടുത്താനാണ് ശ്രമം. രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് വോട്ടുവാങ്ങിയ നരേന്ദ്രമോദി കുത്തകകളെയാണ് സഹായിക്കാന്‍ പോകുന്നതെന്ന് വരുംദിവസങ്ങളില്‍ എല്ലാവരും അറിയും- ആന്റണി പറഞ്ഞു.

ഇന്ത്യയൊട്ടുക്ക് വളര്‍ന്നുവരുന്ന വര്‍ഗീയ ചേരിതിരിവ് കേരളത്തിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് ആന്റണി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കിടയിലും ജാതി മത ധ്രുവീകരണം ഉണ്ടായിരിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തിലായാലും കേരള സാഹചര്യത്തിലായാലും വര്‍ഗീയ ശക്തികള്‍ വളര്‍ന്ന് വരുന്നു. ഇത് അപകടകരമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ജനവിരുദ്ധ നയങ്ങളാണ് കൈക്കൊള്ളുന്നത്. അവര്‍ പഴഞ്ചന്‍ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും ആന്റണി പറഞ്ഞു. കനത്ത പരാജയമാണിക്കുറി നേരിടേണ്ടി വന്നതെങ്കിലും രാഷ്ട്രീയ വനവാസത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പോകില്ല. കോണ്‍ഗ്രസ് ഇനിയുണ്ടാകില്ല എന്ന മട്ടിലാണ് ബി.ജെ.പിയുടെ പ്രചാരണം. വളരെ ദയനീയമായ തോല്‍വികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത് ജനാധിപത്യത്തില്‍ സര്‍വസാധാരണമാണ്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ എടുത്ത നയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് മുതുകിലെ ഭാരം കുറച്ചു. കോണ്‍ഗ്രസും യു.ഡി.എഫും ഒന്നായി നിന്നാല്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാനാകുമെന്നും എ.കെ. ആന്റണി പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പരാജയം രുചിക്കുന്നത് ആദ്യമായല്ല. 1977 ലും കോണ്‍ഗ്രസ്സിന് തിരിച്ചടിയുണ്ടായി. എന്നാല്‍ 1980 ല്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവന്നു. ലഹരിയുടെ പിടിയില്‍ നിന്നും കേരളത്തെ മുക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് നയമെന്നും സുധീരന്‍ വ്യക്തമാക്കി. ലഹരി വിരുദ്ധ അന്തരീക്ഷം കേരളത്തില്‍ സംജാതമായിരിക്കുന്നുവെന്നും വി.എം. സുധീരന്‍ പറഞ്ഞു. 
കോണ്‍ഗ്രസ് നേതാക്കളായ സി.വി. പദ്മരാജന്‍, എം.എം. ഹസന്‍, വി.ഡി. സതീശന്‍ , കരകുളം കൃഷ്ണപിള്ള, ഡെപ്യൂട്ടി സ്​പീക്കര്‍ എന്‍.ശക്തന്‍, ബിന്ദു കൃഷ്ണ, തമ്പാനൂര്‍ രവി, പന്തളം സുധാകരന്‍, ഭാരതീപുരം ശശി, എന്‍.വേണുഗോപാല്‍, എം.മുരളി, പി.എം. സുരേഷ് ബാബു, ശൂരനാട് രാജശേഖരന്‍, തലേക്കുന്നില്‍ ബഷീര്‍, ശരത് ചന്ദ്രപ്രസാദ്, പദ്മജാ വേണുഗോപാല്‍, ലതികാ സുഭാഷ്, ലാലി വിന്‍സന്റ്, എന്‍.പീതാംബരക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സജിതാ റസല്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. 

No comments:

Post a Comment

Contact Form

Name

Email *

Message *