Tuesday, 17 June 2014

ഇറാഖിലെ സാഹചര്യം ഓരോ മണിക്കൂറും വിലയിരുത്തുന്നതായി ഇന്ത്യ.

ന്യൂഡല്‍ഹി: ആഭ്യന്തരകലാപം നടക്കുന്ന ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നഴ്‌സുമാരുമായി ബന്ധപ്പെട്ടുവരികയാണെന്നും അവര്‍ക്ക് എല്ലാ സഹായവും ഉറപ്പുനല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇറാഖിലെ സാഹചര്യങ്ങള്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മണിക്കൂറിലും സ്ഥിതി വിലയിരുത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


ഇറാഖിലെ തിക്രിതില്‍ കഴിയുന്ന 46 നഴ്‌സുമാരെ കേന്ദ്ര സര്‍ക്കാറിന്റെ അഭ്യര്‍ഥനപ്രകാരം ഇന്റര്‍നാഷണല്‍ റെഡ് ക്രെസന്റ് സംഘം ബന്ധപ്പെട്ടു. ഇതില്‍ 44 പേരും മലയാളികളാണ്. നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ അധികൃതരെ അവര്‍ അറിയിക്കുകയും ചെയ്തു. മൊസൂളിലും നാല്‍പ്പതോളം ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ട്.

ഇറാഖ് സര്‍ക്കാറുമായും അവിടുത്തെ യു.എന്‍. ദൗത്യസംഘവുമായും ഇന്ത്യന്‍ ദൗത്യസംഘം ബന്ധപ്പെട്ടുവരികയാണ്. ഇറാഖില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണിത്. പ്രശ്‌നബാധിതമേഖലയിലെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ബാഗ്ദാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍നിന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കണോ എന്ന് എഴുതി നല്‍കാന്‍ നഴ്‌സുമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രശ്‌നം അവസാനിക്കുംവരെ ഇറാഖില്‍ തുടരാന്‍ നഴ്‌സുമാരില്‍ ഭൂരിഭാഗവും താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന.

ഇറാഖിലെ ഇന്ത്യക്കാരെ സഹായിക്കാനായി എന്തെല്ലാം ചെയ്യാനാകുമെന്ന് ആലോചിക്കാനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) അനില്‍ വാധ്വയോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഇറാഖി അംബാസഡര്‍ അഹമ്മദ് തഹ്‌സിന്‍ അഹമ്മദ് ബേര്‍വാരിയെ കണ്ട് വാധ്വ ചര്‍ച്ച നടത്തി.

തിക്രിത് നഗരത്തില്‍നിന്ന് നഴ്‌സുമാരെ പുറത്തെത്തിക്കുക സുരക്ഷിതമായിരിക്കില്ലെന്നാണ് കണക്കുകൂട്ടുന്നത്. ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ഐ.എസ്.ഐ.എസ്സിന്റെ (ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ) നിയന്ത്രണത്തിലാണ് ഇപ്പോള്‍ തിക്രിത് പട്ടണം.
അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ഇറാഖില്‍നിന്ന് മടങ്ങുന്നത് ആലോചിക്കാന്‍ അവിടുത്തെ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇറാഖിലേക്ക് യാത്ര ഒഴിവാക്കാനും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയുണ്ടായി. പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് ഇറാഖില്‍ കഴിയുന്നത്. ബാഗ്ദാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ മുഴുവന്‍സമയ ഹെല്‍പ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.
ഇറാഖിലെ സുരക്ഷാസാഹചര്യം വഷളായിവരുന്നതിനെ ഇന്ത്യ ശക്തമായി അപലപിച്ചു. ആഗോള ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാഖിനൊപ്പം നില്‍ക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

No comments:

Post a Comment

Contact Form

Name

Email *

Message *