Thursday, 24 July 2014

റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നു; കാര്‍ഡുകള്‍ ഇനി ഗൃഹനാഥയുടെ പേരില്‍.

പാലക്കാട്: സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് പുതുക്കുന്ന ജോലികള്‍ ആഗസ്തില്‍ ആരംഭിക്കും. 2012ല്‍ നടക്കേണ്ടിയിരുന്ന കാര്‍ഡ് പുതുക്കലാണ് രണ്ടുവര്‍ഷം വൈകി നടക്കുന്നത്. കാര്‍ഡുകള്‍ പുതുക്കിനല്‍കാന്‍ തീരുമാനിച്ചതോടെ പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ട്.


തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന പൊതുവിതരണവകുപ്പ് അധികൃതരുടെ സംസ്ഥാനതല യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. ഡിസംബറിനകം കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നിലവിലുള്ള അഞ്ചുവിധം കാര്‍ഡുകള്‍ക്കുപകരം രണ്ടുവിധംകാര്‍ഡുകള്‍ മാത്രമാണ് പുതുതായി ഉണ്ടാവുക. നിലവില്‍ എ.പി.എല്‍., ബി.പി.എല്‍., എ.എ.വൈ., അന്നപൂര്‍ണ, എ.പി.എല്‍. (സബ്‌സിഡി) എന്നിങ്ങനെ അഞ്ചുവിഭാഗം കാര്‍ഡുകളാണുള്ളത്. എന്നാല്‍, പുതുതായി കാര്‍ഡ് നല്‍കുമ്പോള്‍ മുന്‍ഗണനാവിഭാഗവും (നിലവിലെ ബി.പി.എല്ലിന് തുല്യമായത്) മുന്‍ഗണനയല്ലാത്ത വിഭാഗവും മാത്രമാവും ഉണ്ടാവുക. ആഗസ്ത് ഒന്നുമുതല്‍ റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അപേക്ഷാഫോറം വിതരണം തുടങ്ങാനാണ് ലക്ഷ്യം. ഗൃഹനാഥയുടെ പേരിലാവും പുതിയ കാര്‍ഡെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കാര്‍ഡിലുള്‍പ്പെടുന്ന അംഗങ്ങളുടെ വരുമാനം, ആരോഗ്യം, തുടങ്ങി വ്യക്തിപരമായതും കുടുംബപരമായതുമായ വിവിധോദ്ദേശ്യ രേഖകൂടിയാവും ഓരോ റേഷന്‍കാര്‍ഡും.

ആദായനികുതിവിവരങ്ങള്‍, പാന്‍കാര്‍ഡ് നമ്പര്‍, ഫോണ്‍നമ്പര്‍, പാചകവാതക കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി ഉപഭോക്തൃനമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ ഫോമില്‍ പൂരിപ്പിക്കാനുണ്ടാവും. തദ്ദേശസ്വയംഭരണം, റവന്യു, സംസ്ഥാന െഎ.ടി.മിഷന്‍, ആരോഗ്യം, ദാരിദ്ര്യലഘൂകരണവിഭാഗം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാവും റേഷന്‍കാര്‍ഡ് പുതുക്കല്‍. ഇതിനായി രണ്ടോ മൂന്നോ റേഷന്‍കടകളുടെ യൂണിറ്റായെടുത്ത് അവയ്ക്ക് ഒരുദിവസം ഫോട്ടോയെടുക്കലും ഉണ്ടാവും. രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഫര്‍ക്ക അടിസ്ഥാനത്തിലാവും കാര്‍ഡ്വിതരണം. 82,13,467 കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. പാലക്കാട് ജില്ലയില്‍മാത്രം 7,01,017 കാര്‍ഡുടമകളുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *