ഗാന്ധിഗര്‍: ഗുജറാത്തില്‍ വന്‍കിട കമ്പനികള്‍ക്ക് അനര്‍ഹമായ ഇളവുകള്‍ നല്‍കിയതിലൂടെയും സാമ്പത്തിക രംഗത്തെ ദുര്‍ഭരണവും കാരണം 25,000 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 2013 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ അഞ്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകളിലാണ് ഗുരുതരമായ പാളിച്ചകള്‍ എടുത്തുപറഞ്ഞിരിക്കുന്നത്.
റിലയന്‍സ് പെട്രോളിയം, എസ്സാര്‍ പവര്‍, അഡാനി ഗ്രൂപ്പ് എന്നിവര്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് 1500 കോടി രൂപയുടെ ഇളവുകള്‍ അനുവദിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ ഗൗരവമായ കുറ്റപ്പെടുത്തല്‍. ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് മോഡി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന വീഴ്ചകള്‍ എടുത്ത് പറയുന്നത്. റിലയന്‍സ് പെട്രോളിയത്തിന് കുറഞ്ഞ ചുങ്കം നിശ്ചയിച്ചതിലൂടെ ഖജനാവിന് 649.29 കോടി രൂപ നഷ്ടമുണ്ടായി. എസ്സാര്‍ പവര്‍ ഗുജറാത്തിന് 587.50 കോടി രൂപയുടെ ഇളവും മോദിഭരണകൂടം നല്‍കി. മോദിയുടെ ഏറ്റവും അടുത്തയാളായി അറിയപ്പെടുന്ന ഗൗതം അഡാനിയുടെ അഡാനി ഗ്രൂപ്പിന്റെ മുദ്ര തുറമുഖ നിര്‍മ്മാണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ 118.12 കോടി നഷ്ടമുണ്ടായി.
9121.46 കോടി രൂപയുടെ ഫണ്ടുകള്‍ വിനിയോഗിച്ച രീതിയെക്കുറിച്ചും ഗണ്യമായ തുക വിനിയോഗിക്കാതിരുന്നതും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. സാമ്പത്തിക നിര്‍വഹണത്തിലും ദുര്‍ചെലവുകള്‍ നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് 13,049.67 കോടി രൂപയുടെ ഗ്രാന്റ് ചിലവഴിക്കാതിരുന്നതിനെയും വിമര്‍ശിക്കുന്നു. 1999-2000 കാലത്തും 2011-12 സാമ്പത്തിക വര്‍ഷത്തിലുമായിട്ടാണ് 13,049 കോടി രൂപയുടെ ഗ്രാന്റ് വനിയോഗിക്കാതെ പാഴാക്കിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ചയാണ് ഇതിന് കാരണമെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
എഞ്ചിനീയറിങ് കോളജുകളില്‍ അധ്യാപകരോ സ്റ്റാഫോ ഇല്ലാത്ത സ്ഥിതിയാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. 16 സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജുകളിലെ 90 ശതമാനം പ്രഫസര്‍ തസ്തികയും പ്രിന്‍സിപ്പല്‍മാരുടെ 80 ശതമാനം തസ്തികയും ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്തെ 26 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ 85 ശതമാനം തസ്തികയും 74 ശതമാനം എച്ച്.ഒ.ഡിമാരുടെ തസ്തികയും 69 ശതമാനം ലാബ് അസിസ്റ്റന്റുമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് ആവശ്യമായ യന്ത്രങ്ങളും മറ്റ് ഉപകരങ്ങളും വാങ്ങാനുള്ള ഗ്രാന്റ് തുകയും ചിലവഴിച്ചില്ല.
സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാലക്ഷ്മിയിലൂടെ ഒന്നാം ക്ലാസിലും എട്ടാം ക്ലാസ്സിലും ചേരുന്നവര്‍ക്ക് 2000 രൂപ വീതം നല്‍കുന്ന സാമ്പത്തിക സഹായത്തിലും സര്‍വത്ര ക്രമക്കേടാണ് കണ്ടെത്തിയത്. ഒരാള്‍ക്ക് തന്നെ ഒന്നില്‍കൂടുതല്‍ തവണ തുക ലഭിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പലര്‍ക്കും തുക കിട്ടിയതുമില്ല.
സംസ്ഥാനത്തെ 69 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 19 എണ്ണവും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. ഈ സ്ഥാപനങ്ങളുടെ നടത്തില്‍ പ്രഫഷണലിസത്തിന്റെ കുറവാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരിക്കുന്നത്.
നികുതി പിരിച്ചെടുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കടുത്ത അലംഭാവം തുടരുന്നതായും പരാമര്‍ശമുണ്ട്. ആവശ്യത്തിന് വൈദ്യുതി വിഹിതമുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉജ്ര വികാസ് നിഗം ലിമിറ്റഡ് സ്വകാര്യ സോളാര്‍ പദ്ധതികളില്‍ നിന്ന് അധികം വൈദ്യുതി വാങ്ങി. ഇതിലൂടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ വഹിക്കേണ്ടി വന്ന അധിക ബാധ്യത 473.20 കോടി രൂപയാണ്.
No comments:
Post a Comment