Thursday, 17 July 2014

ദയാവധം : സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണം.

ന്യൂഡല്‍ഹി: ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ ടി.എസ്. അന്ത്യാര്‍ജുനയെ നിയമിച്ചിട്ടുമുണ്ട്.

എന്നാല്‍, ദയാവധം ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗബെഞ്ചിനെ അറിയിച്ചു. ആത്മഹത്യയുടെ മറ്റൊരു രൂപമാണ് ദയാവധം. രാജ്യത്ത് ആത്മഹത്യ നിയമവിരുദ്ധമാണ്. ദയാവധം അനുവദിച്ചാല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.


ദയാവധത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ പറഞ്ഞു. ഭരണഘടനാപരവും ധാര്‍മികവും മതപരവും വൈദ്യശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ അടങ്ങിയതാണ് വിഷയം. ദയാവധത്തിന് അനുമതി നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള വഴികള്‍ എന്തൊക്കെയായിരിക്കണമെന്നും കോടതി ആരാഞ്ഞിട്ടുണ്ട്.
വേദന കുറച്ച് ജീവിതം അവസാനിപ്പിക്കാനുള്ള മാര്‍ഗമേതാണെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ലോകത്താകമാനം ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഏകാഭിപ്രായം വന്നിട്ടില്ല. ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കകൊണ്ടുമാത്രം അത് നിയമവിധേയമാക്കുന്നത് തടയാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.

ദയാവധം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമസഭകളാണ് തീരുമാനമെടുക്കേണ്ടത്, കോടതിയല്ല. ദയാവധം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയില്‍ ബലാത്സംഗത്തെത്തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി ആസ്​പത്രിയില്‍ ജീവച്ഛവമായി കഴിയുന്ന അരുണ ഷോണ്‍ബാഗിന് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി മറ്റൊരു ബെഞ്ച് നേരത്തേ തള്ളിയിരുന്നു.
ജസ്റ്റിസുമാരായ ജെ.എസ്. കേഹര്‍, ജെ. ചെലമേശ്വര്‍, എ.കെ. സിക്രി, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍കൂടി ഉള്‍പ്പെടുന്നതാണ് അഞ്ചംഗ ബെഞ്ച്.

No comments:

Post a Comment

Contact Form

Name

Email *

Message *