Thursday, 24 July 2014

ബാര്‍ പൂട്ടിയ ശേഷം ബിയര്‍ വില്പന പകുതിയായി കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ 418 ബാര്‍ പൂട്ടിയതിന് ശേഷം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയര്‍ ഉപഭോഗവും പകുതിയായി കുറഞ്ഞു. ബാറുകള്‍ പൂട്ടുന്നതിന് മുമ്പ് മാര്‍ച്ചില്‍ 12.8 ലക്ഷം കെയ്‌സ് ബിയര്‍ വിറ്റപ്പോള്‍ ജൂണില്‍ ഇത് 6.97 ലക്ഷമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ചൂടുള്ള ഏപ്രില്‍ , െമയ് മാസങ്ങളിലും ബിയര്‍ വില്പനയില്‍ വന്‍കുറവുണ്ടായി.


ഏപ്രിലില്‍ 11.26 ലക്ഷം കെയ്‌സ് വിറ്റപ്പോള്‍ മെയില്‍ ഇത് 9.72 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 14.56 ലക്ഷവും െമയില്‍ 11.78 ലക്ഷവുമായിരുന്നു വില്പന. ബിവറേജസിന്റെ 22 വെയര്‍ ഹൗസുകളിലൂടെ വിറ്റ ബിയറിന്റെ കണക്കാണിത്. സംസ്ഥാനത്തെ 354 ബാറുകള്‍, ബിവറേജസ് കോര്‍പ്പറേഷന്റെ 338 മദ്യ വില്പന ശാലകള്‍, കണ്‍സ്യൂമര്‍ ഫെഡിന്റെ 46 വില്പനശാലകള്‍, ക്ലബുകള്‍ എന്നിവയിലേക്ക് മദ്യമെടുക്കുന്നത് ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകളില്‍ നിന്നാണ്. ഈ വെയര്‍ ഹൗസുകളില്‍ നിന്നും പോയ മദ്യത്തിന്റെ അളവിലാണ് വന്‍ കുറവുണ്ടായിരിക്കുന്നത്.

മദ്യ ഉപഭോഗം കൂടിയെന്ന് എക്‌സൈസ് മന്ത്രി പലതവണ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജൂണില്‍ മദ്യ ഉപഭോഗം കുറഞ്ഞെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നത്. വിദേശ മദ്യ കച്ചവടത്തിലും ജൂണില്‍ കുറവുണ്ടായി. മെയ് മാസത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം കെയ്‌സ് മദ്യം കുറച്ചാണ് കേരളത്തില്‍ വില്പന നടന്നത്. മദ്യ ഉപഭോഗത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 30 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ അദ്യമായാണ് മദ്യ വില്പനയില്‍ കുറവ് കാണിക്കുന്നത്. സംസ്ഥാനത്തെ ശരാശരി മദ്യ ഉപഭോഗത്തിന്റെ വളര്‍ച്ചാ നിരക്ക് 12 ശതമാനമായിരുന്നു. ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലായിരുന്നു. 1996 ല്‍ ചാരായഷാപ്പുകള്‍ പൂട്ടിയപ്പോള്‍ മദ്യ ഉപഭോഗം ആദ്യമായി 67 ശതമാനമായി ഉയര്‍ന്നു. ഇതായിരുന്നു േെറക്കാര്‍ഡ് വളര്‍ച്ചാ നിരക്ക്. 90 കളില്‍ ആഗോളവത്കരണത്തിന്റെ ഭാഗമായി മദ്യ കച്ചവടത്തില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടായി. ബിയര്‍ പാര്‍ലറുകളുടെ വരവ് ഈ ഘട്ടത്തിലായിരുന്നുവെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ആഡിക്ക ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജോ ഇടയാറന്മുള പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യമെന്ന നിലയിലാണ് ബിയറിന് പ്രചാരം വര്‍ധിച്ചത്. വീര്യം കുറഞ്ഞ മദ്യം കഴിച്ചവര്‍ പിന്നീട് വീര്യം കൂടിയ മദ്യത്തിന് പിന്നാലെ പോയി. ബാറുകളില്‍ പോയിരുന്നു ബിയര്‍ കഴിക്കുന്ന പ്രവണത പുതിയ തലമുറയില്‍ കൂടുതലായി കാണപ്പെട്ടു. ബാര്‍ പൂട്ടിയതോടെ ഇതില്‍ മാറ്റം വന്നു.

മദ്യ ഉപഭോഗത്തില്‍ രണ്ട് ശതാനം കുറവ് കാണിക്കുന്നുവെങ്കിലും വരുമാനത്തില്‍ വര്‍ധനവാണ് കാണിക്കുന്നത്. മദ്യത്തിന്റെ വിലകൂടിയതും നികുതി നിരക്ക് വര്‍ധനവുമാണ് ഇതിന് കാരണം.

ബാര്‍ പൂട്ടിയ ശേഷം മദ്യ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ കുറവുണ്ടായി. 2013 ഏപ്രിലില്‍ 20.38 ലക്ഷം കെയ്‌സ് വിദേശ മദ്യം വിറ്റപ്പോള്‍ 2014 ഏപ്രിലില്‍ ഇത് 19.65 ലക്ഷം കെയ്‌സ് ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 14.57 ആയിരുന്നത് ഈ വര്‍ഷം 11.27 ലക്ഷമായി കുറഞ്ഞു. ബാറുകള്‍ പൂട്ടുന്നതിന് മുമ്പ് മാര്‍ച്ചില്‍ 20.63 ലക്ഷം കെയ്‌സ് വിദേശ മദ്യമാണ് വില്പന നടന്നത്. മുന്‍ വര്‍ഷമിത് 20.72 ലക്ഷം കെയ്‌സ് ആയിരുന്നു. സാധാരണഗതിയില്‍ ഏപ്രില്‍ - മെയ് മാസങ്ങളില്‍ മദ്യ ഉപഭോഗം കൂടുകയാണ് പതിവ്. ബാര്‍ പൂട്ടിയ ശേഷം ഈ സ്ഥിതിയില്‍ മാറ്റം വന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *