ന്യൂഡല്‍ഹി : 'ബ്രിക്‌സ്' ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബ്രസീലിലേക്ക് തിരിക്കും.
ജൂലായ് 14, 15 തീയതികളിലാണ് അഞ്ചുരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ സമ്മേളനം ബ്രസീലിലെ തീരനഗരമായ ഫോര്‍ട്ടാലീസയില്‍ ചേരുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബ്രിക്‌സ്. ചൈനയുടെ പ്രസിഡന്റ് സി ജിന്‍ പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമീര്‍ പുതിന്‍ എന്നിവരുമായി മോദി ഉച്ചകോടിക്കിടെ ഉഭയകക്ഷിചര്‍ച്ച നടത്തും.
ഇത്തവണ ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ മുഴുവന്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് ക്ഷണിച്ചിട്ടുണ്ട്. അര്‍ജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, പരാഗ്വേ, പെറു , സുരിനാം, ഉറുഗ്വായ്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ എത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാരെയും കാണാന്‍ മോദിക്ക് അവസരം ലഭിക്കും.
ബ്രസീലിലേക്ക് പോകുന്നവഴി ജര്‍മനിയില്‍ മോദിയുടെ വിമാനം ഇറങ്ങുന്നുണ്ടെങ്കിലും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ അന്ന് ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ബ്രസീലിലാണ് ഉണ്ടാവുക.
ബ്രിക്‌സ് രാജ്യങ്ങളുമായി ഇന്ത്യയുടെ വാണിജ്യബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായി വാണിജ്യമന്ത്രി നിര്‍മലാസീതാരാമനും നരേന്ദ്രമോദിക്കൊപ്പം ബ്രസീലിലെത്തും. ദേശീയസുരക്ഷാഉപദേഷ്ടാവ് എ.കെ. ഡോവല്‍, വിദേശസെക്രട്ടറി സുജാതാസിങ്, ധനകാര്യസെക്രട്ടറി അരവിന്ദ് മായാറാം എന്നിവരും സംഘത്തിലുണ്ട്.
യു.പി.എ. ഭരണകാലത്തില്‍നിന്ന് വ്യത്യസ്തമായി, മാധ്യമങ്ങളെ യാത്രാസംഘത്തില്‍ മോദി ഉള്‍പ്പെടുത്തുന്നില്ല. ഔദ്യോഗികവാര്‍ത്താഏജന്‍സികള്‍ക്കു മാത്രമാണ് സംഘത്തില്‍ സ്ഥാനം നല്‍കുന്നത്.
No comments:
Post a Comment