Wednesday, 30 July 2014

സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം.

തിരുവനന്തപുരം: പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ച പെണ്‍കുട്ടികളെ വടിവാളും മറ്റ് മാരകായുധങ്ങളുമായെത്തിയ ഇരുപതംഗസംഘം പൊതുസ്ഥലത്ത് വെച്ച് മര്‍ദിച്ചവശരാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് കനകക്കുന്നില്‍ പൊതുജനത്തിന് മുന്നിലായിരുന്നു മര്‍ദനം. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.


ഡോക്യുമെന്ററി, തീയേറ്റര്‍, ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സീനാ റയ, ദിയാ സന എന്നീ പെണ്‍കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ദിയ സനയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആസിഫ് അലി നായകനായ 'ഹായ് അയാം ടോണി' എന്ന പുതിയ ചിത്രത്തെക്കുറിച്ച് സീനാ റയ ഫേസ്ബുക്കിലിട്ട പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് സംഭവം. ചിത്രം മോശമാണെന്ന ഫേസ്ബുക്ക് പോസ്റ്റിന് ആസിഫ് അലിയുടെ ഫാന്‍സ് എന്നവകാശപ്പെടുന്നവര്‍ പ്രതികരിക്കുകയായിരുന്നു. അനീഷ് അലി എന്നയാള്‍ പെണ്‍കുട്ടിക്കെതിരെ സഭ്യമല്ലാത്ത ഭാഷയില്‍ ഫേസ്ബുക്കിലെഴുതി. തുടര്‍ന്ന് ഫേസ് ബുക്കിലും ഫോണിലുമായി ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. ഒടുവില്‍ നേരിട്ടെത്തി സംസാരിക്കാമെന്നും കനകക്കുന്നിലെത്താനും സീന ആവശ്യപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ പെണ്‍കുട്ടികളും സുഹൃത്തുക്കളും കനകക്കുന്നിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇരുപതംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ആണ്‍കുട്ടികളെ വടിവാള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ശേഷം സീനയെ ഒരാള്‍ നിലത്തിട്ട് ചവിട്ടി. ഇത് തടയാന്‍ ശ്രമിച്ച ദിയയെയും ആക്രമിച്ചു. ഇതോടെ ഇരുവിഭാഗവും അടിപിടിയായി. പോലീസ് എത്തും മുന്‍പ് അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

പെണ്‍കുട്ടികളെ ആക്രമിച്ചവരില്‍ ചിലര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. അസഭ്യം പറഞ്ഞതിന് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും കേസുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ആസിഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും സിനിമയെക്കുറിച്ച് അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *