Thursday, 17 July 2014

എല്ലാ റോഡുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും- മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റോഡുകളിലും കവലകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആധുനീകരിച്ച പട്ടം ട്രാഫിക് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പൊതുമരാമത്ത് വകുപ്പിന്റേതുള്‍പ്പെടെയുള്ള റോഡുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. നിലവില്‍ ക്യാമറകള്‍ ഇല്ലാത്ത സംസ്ഥാന പാതയിലും ക്യാമറകള്‍ സ്ഥാപിക്കും. എല്ലാ സ്‌കൂളുകള്‍ക്ക് മുന്നിലും ക്ലാസ്സുള്ള സമയങ്ങളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തും. കേസുകളില്‍പ്പെടുന്ന വാഹനങ്ങള്‍ പിടിച്ചിടുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയോട് ആവശ്യപ്പെടുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ സമര്‍പ്പിക്കാനായി തുടങ്ങിയ ഇ-മെയില്‍ വിലാസത്തിന്റെയും വാട്ട്‌സ് ആപ് നമ്പരിന്റെയും പ്രകാശനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു.
മേയര്‍ കെ. ചന്ദ്രിക, ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യന്‍, സൗത്ത് സോണ്‍ എ.ഡി.ജി.പി കെ. പദ്മകുമാര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി, തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, കൗണ്‍സിലര്‍ പട്ടം മുരുകേശന്‍, കെ.പി.ഒ.എ ജനറല്‍ സെക്രട്ടറി മണികണ്ഠന്‍ നായര്‍, കെ.പി.എ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *