Monday, 21 July 2014

അയല്‍വാസി വഴി നല്‍കാത്ത വീട്ടിലേക്ക് മൃതദേഹമെത്തിക്കാന്‍ നാട്ടുകാര്‍ മതില്‍ തകര്‍ത്തു.

തിരുവനന്തപുരം: അയല്‍വാസി വഴികെട്ടിയടച്ചതുകാരണം അപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം വീട്ടുമുറ്റത്തെത്തിക്കാന്‍ കഴിയാതെ നിസ്സഹായനായി അച്ഛന്‍ സുന്ദരരാജന്‍ പോറ്റി. സ്‌ട്രെച്ചറില്‍ കൊണ്ടുവന്ന മകന്റെ മുഖം അവസാനമായി ഒന്നുകാണാന്‍ പറ്റാതെ അലമുറയിടുന്ന അമ്മ ഉഷ. അമ്മൂമ്മ സത്യഭാമയുടെയും ബന്ധുക്കളുടെയും നിലയ്ക്കാത്ത കരച്ചില്‍. സംഭവം കണ്ടുനിന്ന രോഷാകുലരായ നാട്ടുകാര്‍ ഒടുവില്‍ അയല്‍വാസി കെട്ടിയടച്ച മതില്‍ തകര്‍ത്ത് മൃതദേഹം വീട്ടുമുറ്റത്തെത്തിക്കാന്‍ വഴിയൊരുക്കി. മതില്‍ പൊളിക്കാനാകില്ലെന്ന പരാതിയുമായി അയല്‍വാസിയും രംഗത്തെത്തി. എന്നാല്‍ പ്രകോപിതരായ നാട്ടുകാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അഭിഭാഷകനായ അയല്‍വാസി പിന്‍വാങ്ങി.


ശനിയാഴ്ച പുലര്‍ച്ചെ ഉപ്പിടാമൂട് പാലത്തിന് സമീപം കാറിടിച്ച് മരിച്ച ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ശ്രീകാന്തിന്റെ മൃതദേഹം കൈതമുക്ക് ഒറ്റുകാല്‍ തെരുവിലെ ഗോകുലം വീട്ടില്‍ കൊണ്ടുവരുമ്പോഴാണ് സങ്കടകരമായ രംഗങ്ങള്‍ക്ക് നാട്ടുകാര്‍ സാക്ഷിയായത്. തുടര്‍ന്നാണ് പ്രിയകൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹജീവനക്കാരും പരിസരവാസികളും ചേര്‍ന്ന് മതില്‍പൊളിച്ച് മൃതദേഹം വീട്ടുമുറ്റത്തെത്തിച്ചത്. തുടര്‍ന്ന് ചടങ്ങുകള്‍ക്ക് ശേഷം പുത്തന്‍കോട്ട ശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തി.

2001 ലാണ് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി സുന്ദര രാജന്‍ പോറ്റി കൈതമുക്കിലെ ഒറ്റുകാല്‍ തെരുവില്‍ മുന്നര സെന്റ് സ്ഥലം വാങ്ങിയത്. ക്ഷേത്രത്തില്‍ നിന്ന് ദക്ഷിണയായി ലഭിച്ചതും ശമ്പളവിഹിതവും സ്വരൂപിച്ചാണ് ഇവിടെ വീടുെവച്ചത്. ഇതോടെ അയല്‍വാസി രംഗത്തെത്തി ഇതുവഴി നടക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മതില്‍ കെട്ടിയടച്ചു.എന്നാല്‍ ശാന്തിക്കാരനായ പോറ്റിക്ക് പുലര്‍ച്ചെ 3.30 ന് ക്ഷേത്രത്തിലെത്തണം. ഇതേ തുടര്‍ന്ന് കെട്ടിയടച്ച മതിലിന്റെ പുറകിലും റോഡിലിറങ്ങേണ്ട ഭാഗത്തും ഇരുമ്പ് ഗോവണികള്‍ നിര്‍മ്മിച്ച് വെച്ചു. ഗോവണിവഴി കയറി കെട്ടിയടച്ചമതിലിലൂടെ മുകളില്‍ ഞാണിന്‍മേല്‍കളിപോലെയാണ് പോറ്റിയും മക്കളായ ശ്രീനാഥും ശ്രീകാന്തും വീടിന് പുറത്തേക്ക് പോയിരുന്നത്.

വഴികെട്ടിയടച്ച അയല്‍വാസിയായ അഭിഭാഷകന്‍ ആകെ ചെയ്തുകൊടുത്തത് മതിലിന് മുകളിലൂടെ നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ടെറസില്‍ പിടിക്കാം എന്ന സൗജന്യം!

14 വര്‍ഷമായി ഒരു കുടുംബം അനുഭവിക്കുന്ന ദുരിതമാണിത്. കേസ് നില്‍ക്കുന്നതിനാല്‍ ഇനിയും വഴികെട്ടിയടച്ചേക്കാമെന്ന് പോറ്റി പറയുന്നു. ഭാര്യ ഉഷയ്ക്ക് മതിലിലൂടെ കയറാന്‍ പേടിയായതിനാല്‍ വീടുവിട്ട് പുറത്ത് പോകാറില്ല.പോറ്റിയുടെ 88 കാരിയായ അമ്മ സത്യഭാമയ്ക്ക് അസുഖം വന്നപ്പോള്‍ മതിലിന് മുകളിലൂടെ ചുമന്നാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് കരമനയില്‍ താമസിക്കുന്ന സഹോദരന്‍ വരജരാജിന്റെ വീട്ടിലാക്കി. ഞായറാഴ്ച ഉച്ചയ്ക്കാണ് ചെറുമകന്റെ ചേതനയറ്റ ശരീരം കാണാനായി അവരെത്തിയത്.
ജീവിച്ചിരുന്നപ്പോള്‍ അവന് പോകാന്‍ വഴിയില്ല. ഞങ്ങളെ വിട്ടുപിരിഞ്ഞപ്പോള്‍ ദൈവമവന് വഴിയൊരുക്കി...സുന്ദരരാജന്‍ പോറ്റി നിറകണ്ണുകളോടെ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *