Monday, 21 July 2014

ആരാച്ചാരാകാന്‍ ഇനി ആളെക്കിട്ടും; കൂലി രണ്ടുലക്ഷം രൂപ.

കണ്ണൂര്‍: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാന്‍ ആരാച്ചാരെ കിട്ടാത്ത സ്ഥിതി സിനിമകള്‍ക്കും പ്രമേയമായ വിഷയമാണ്. സമാനസ്ഥിതിയായിരുന്നു കേരളത്തിലെ ജയിലുകളിലും. കടുത്ത മാനസികപ്രശ്‌നമുണ്ടാക്കുന്ന ഈ ജോലി ചെയ്യാന്‍ 500 രൂപയാണു നല്‍കിയിരുന്നത്. പുതിയ ജയില്‍ചട്ടത്തില്‍ ഇത് രണ്ടുലക്ഷമാക്കി. ഇതോടെ ആരാച്ചാരാവാന്‍ ഇനി ആളെക്കിട്ടുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1992 മാര്‍ച്ചില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് ഒടുവില്‍ നടന്ന വധശിക്ഷ. അന്ന് എടക്കാട് സ്വദേശിയായ ഒരാളാണ് ആരാച്ചാരായെത്തിയതെന്നാണു പറയുന്നത്. അതും വളരെ നിര്‍ബന്ധിച്ചതിനുശേഷം.

ആരാച്ചാരുടെ പേരോ വിലാസമോ ഒന്നും വെളിപ്പെടുത്താനോ ജയിലില്‍ അതു രേഖപ്പെടുത്താനോ പാടില്ല. ആളെ തിരിച്ചറിയാതിരിക്കാനാണിത്. ആ വ്യവസ്ഥ പുതിയ ചട്ടത്തിലും നിലനിര്‍ത്തിയിട്ടുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 16 തടവുകാരാണിപ്പോള്‍ കേരളത്തിലെ ജയിലുകളിലുള്ളത്.

ജയില്‍ജീവനക്കാര്‍തന്നെ ആരാച്ചാരായാല്‍ അവര്‍ക്കും രണ്ടുലക്ഷം രൂപ പ്രതിഫലം നല്‍കും. ഒരാളെ തൂക്കിലേറ്റുന്നതിനുള്ള കൂലിയാണിത്. ജയില്‍ജീവനക്കാര്‍ തയ്യാറല്ലെങ്കില്‍ പുറത്തുനിന്ന് ആളെ വിളിക്കാം. ഒറ്റയ്‌ക്കോ സംഘമായോ ഈ പണി ഏറ്റെടുക്കാം. പ്രതിഫലത്തുക എല്ലാവര്‍ക്കും തുല്യമായി വീതിച്ചുനല്‍കണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. ഈ തുക ഓഡിറ്റിനു വിധേയമാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തൂക്കിലേറ്റുന്ന കയറിനുമുണ്ട് പ്രത്യേകതകള്‍. മുമ്പൊക്കെ ഒരു കയറായിരുന്നു എല്ലാവര്‍ക്കും ഉപയോഗിച്ചിരുന്നത്. ഇനിയങ്ങനെ പാടില്ല. ആളുടെ തൂക്കത്തിനനുസരിച്ച് പരുത്തിയില്‍ നിര്‍മിച്ച കയറുപയോഗിക്കണമെന്നാണ് വ്യവസ്ഥ.
വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസം പ്രതിക്ക് കോടതിവിധി ഒരിക്കല്‍ക്കൂടി വായിച്ചുകേള്‍പ്പിക്കണമെന്നാണ് ചട്ടത്തിലെ മറ്റൊരു വ്യവസ്ഥ. ഇത് ഇംഗ്ലീഷിലും പ്രാദേശികഭാഷയിലും വേണം.

വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് പരമാവധി പന്ത്രണ്ടുപേരെ സൂപ്രണ്ടിന് അനുവദിക്കാം. ജഡ്ജി, കളക്ടര്‍, ജില്ലാ പോലീസ് മേധാവി, മെഡിക്കല്‍ ഓഫീസര്‍, ജയില്‍ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രവേശനം.

തൂക്കിക്കഴിഞ്ഞാല്‍ ഒരുമണിക്കൂര്‍ കയറില്‍ തൂങ്ങിനില്‍ക്കണമെന്ന വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് ജീവന്‍ നഷ്ടമായെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ കയറില്‍നിന്ന് അഴിക്കാമായിരുന്നു. മൃതദേഹം ബന്ധുക്കളേറ്റുവാങ്ങിയില്ലെങ്കില്‍ ജയില്‍വളപ്പില്‍ സംസ്‌കരിക്കണമെന്നും ചട്ടത്തിലുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *