Wednesday, 16 July 2014

പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍: 25 ലക്ഷം കവിഞ്ഞു;ഓണ്‍ലൈന്‍ അപേക്ഷ ഒരു കോടിയും.

തിരുവനന്തപുരം: പി.എസ്.സിയില്‍ 25,14,832 ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഓണ്‍ലൈന്‍ വഴി പി.എസ്.സിക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണം 1,09,96,917 ആയി ഉയര്‍ന്നു.

രണ്ടര വര്‍ഷം മുമ്പ് 2012 ജനവരി ഒന്നിനാണ് പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിപരമായ വിവരങ്ങള്‍ ചേര്‍ത്ത് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍.

ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് ഏതു തസ്തികയിലേക്കും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും പി.എസ്.സിക്ക് അത് കൈകാര്യം ചെയ്യാനും എളുപ്പത്തില്‍ സാധിക്കുന്ന വിധത്തിലാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഒരുക്കിയിട്ടുള്ളത്.

2011 ജനവരി മുതലാണ് ഓണ്‍ലൈന്‍ പരിഷ്‌കാരങ്ങള്‍ പി.എസ്.സി ആരംഭിച്ചത്. ആദ്യകാലത്ത് രജിസ്‌ട്രേഷനില്ലാതെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു.

ഇപ്പോള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയശേഷമേ പി.എസ്.സിയുടെ വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കാനാകൂ. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിന്നീട് എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാന്‍ സൗകര്യമുണ്ട്.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ഉദ്യോഗാര്‍ത്ഥികളില്‍ വനിതകളാണ് കൂടുതല്‍. 13,98,868 വനിതകളും 11,15,968 പുരുഷന്‍മാരുമാണ് പി.എസ്.സി വെബ്‌സൈറ്റില്‍ പേര് ചേര്‍ത്തത്.

ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം ജില്ലയിലും കുറവ് വയനാടുമാണ്. തിരുവനന്തപുരത്ത് 3,51,652 പേരും വയനാട്ട് 64,089 പേരും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി.

മറ്റു ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം: കൊല്ലം-2,44,346. പത്തനംതിട്ട-80,380. ആലപ്പുഴ-1,95,623. കോട്ടയം-1,60,531. ഇടുക്കി-80,439. എറണാകുളം-2,49,920. തൃശൂര്‍-2,14,417. പാലക്കാട്-1,95,185. മലപ്പുറം-1,93,016. കോഴിക്കോട്-2,32,809. കണ്ണൂര്‍-1,72,774. കാസര്‍കോഡ്-69,415.
കേരളത്തിനു പുറത്തുനിന്ന് 10,242 പേരും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി. ജൂലായ് രണ്ടാം വാരത്തിലെ കണക്കനുസരിച്ചാണിത്.
പഞ്ചായത്ത് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ നടന്നത്. 20,24,593 പേര്‍ പഞ്ചായത്തുകളില്‍ നിന്നും 2,13,576 പേര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും 2,64,865 പേര്‍ നഗരസഭാ മേഖലയില്‍ നിന്നും 1565 പേര്‍ ടൗണ്‍ഷിപ്പുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ സംവരണവിഭാഗക്കാര്‍ 18,14,379 പേരും പൊതുവിഭാഗക്കാര്‍ 7,00,467 പേരുമാണ്. സംവരണക്കാരില്‍ ഏറ്റവും കൂടുതലുള്ളത് ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാരാണ്. ഈ വിഭാഗത്തില്‍ 6,62,637 പേരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
ഹിന്ദു നാടാര്‍ വിഭാഗത്തില്‍ നിന്ന് 21,467 പേരാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. ഇതാണ് സംവരണവിഭാഗത്തിലെ ഏറ്റവും കുറഞ്ഞ രജിസ്‌ട്രേഷന്‍.

മറ്റ് സംവരണവിഭാഗക്കാരുടെ എണ്ണം: പട്ടികജാതി-2,78,122. പട്ടികവര്‍ഗം-26,603. മുസ്ലിം-3,65,669. ലാറ്റിന്‍ കാത്തലിക്/ആഗ്ലോ ഇന്ത്യന്‍-96,160. ഒ.ബി.സി-1,54,892. വിശ്വകര്‍മ്മ-1,15,140. എസ്.ഐ.യു.സി നാടാര്‍-27,052. ഒ.എക്‌സ്-29,351. ധീവര-37,286.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ആഗസ്ത് മുതല്‍ പുതിയ ഫോട്ടോ പ്രൊഫൈലില്‍ ചേര്‍ക്കണമെന്ന് പി.എസ്.സി ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *