Saturday, 12 July 2014

പ്ലസ് ടു സമയമാറ്റം കുട്ടികളെ വലയ്ക്കുന്നു.

കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സമയമാറ്റം വിദ്യാര്‍ഥികളെ വലയ്ക്കുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സന്തോഷകരമായ തീരുമാനമാണ് ശനിയാഴ്ച അവധി ദിനമായത്. പക്ഷേ, ഇതിന് പകരമായി അഞ്ച് ദിവസങ്ങളിലായി കൂടുതല്‍ കുട്ടിപിരീഡുകള്‍ ഉള്‍പ്പെടുത്തിയത് വിദ്യാര്‍ഥികള്‍ക്ക് അധിക ഭാരമാവുന്നു.


ശനിയാഴ്ച അവധി ദിനമാക്കിയ തീരുമാനം ഒരാഴ്ച പിന്നിടുമ്പോള്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം കൂടുതല്‍ തിങ്ങി ഞെരുങ്ങിയ അവസ്ഥയിലാണ്. പ്രവൃത്തിദിനം അഞ്ചായി കുറച്ചപ്പോള്‍ അധ്യയന സമയക്കുറവ് നികത്താന്‍ നടത്തിയ ക്രമീകരണങ്ങള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ പ്രയാസമാവുകയാണ്.


സമയമാറ്റം ഇങ്ങനെ

രാവിലെ 9 മുതല്‍ വൈകീട്ട് 4.30 വരെയാണ് ഇപ്പോള്‍ സമയം. ദിവസം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചാണ് ശനിയാഴ്ച ക്ലാസ് ഒഴിവാക്കിയത്. എന്നാല്‍ പിരീഡുകളുടെ ഘടനയില്‍ മാറ്റമില്ല. 45, 40, 35 മിനിറ്റുകളുള്ള 10 പിരീഡുകളുണ്ട് ഒരു ദിവസം. ഉച്ചഭക്ഷണ സമയം ഒരു മണിക്കൂറില്‍ നിന്ന് 35 മിനിറ്റായി കുറച്ചു. വെള്ളിയാഴ്ച ഏഴ് പിരീഡുണ്ട്.

സമയം കൂട്ടുന്നത് ദോഷകരമായി ബാധിക്കുന്നത് കുട്ടികളെത്തന്നെ. രാവിലെ ഒന്‍പതിന് സ്‌കൂളില്‍ എത്തണമെങ്കില്‍ ഏഴ് മണിക്കെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങണം. ഇത് വിദ്യാര്‍ഥികളുടെ പ്രഭാത ഭക്ഷണത്തെയും ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. രാവിലെ പേരിന് മാത്രം ഭക്ഷണം കഴിക്കുന്ന അവസ്ഥ. സമയം കുറച്ചതോടെ ഉച്ചഭക്ഷണത്തിന്റെ സ്ഥിതിയും മറിച്ചല്ല. കൂട്ടുകൂടി ഇരുന്നുള്ള പഠനങ്ങള്‍ക്കോ സംശയ നിവാരണത്തിനോ ഒന്നിനും സമയമില്ലെന്ന് കുട്ടികള്‍ക്ക് പരാതി. സ്‌കൂളിലെത്തിയാല്‍ പിന്നെ ഒന്നിനും നേരമില്ലാതെ ശ്വാസം പിടിച്ച് ഒരിരിപ്പാണ്.

പഠിക്കാന്‍ സമയമെവിടെ ?

നാലരയ്ക്ക് സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ ഭൂരിഭാഗം കുട്ടികളും വീട്ടിലെത്താന്‍ വൈകും. വിദ്യാര്‍ത്ഥികളെ കയറ്റാന്‍ ബസ്സുകാര്‍ സമ്മതിക്കാതിരിക്കുക കൂടിയാവുമ്പോള്‍ ദുരിതം ഇരട്ടി. കണ്‍സെഷനില്‍ കയറുന്ന കുട്ടികളോട് അവജ്ഞയും അവഗണനയുമാണ് ബസ്സുകാര്‍ക്ക്.
മിക്കവാറും ബസ്സുകള്‍ സ്‌കൂളിന്റെ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നില്ലെന്ന് പരാതിയുമുണ്ട്. നഗരത്തിലെ ഗതാഗത തടസ്സങ്ങള്‍ മറികടന്ന് വീട്ടിലെത്തുമ്പോള്‍ ആറ് മണി കഴിയുമെന്ന് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമൃത പറഞ്ഞു. മെട്രോയുടെ പണി നടക്കുന്നതിനാല്‍ എറണാകുളത്ത് ഏതുവഴിയിലുള്ള യാത്രയും ദുരിതം തന്നെ. പിന്നെ പഠിക്കാനുള്ള സമയം കണ്ടത്തെുക എന്നത് ഏറെ ബുദ്ധിമുട്ടാണ്.

എന്‍.എസ്.എസ്., എന്‍.സി.സി. പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കിയതോടെ അതിനും സമയം കണ്ടെത്തണം. ഇതിലുള്ള കുട്ടികള്‍ക്ക് ശനിയാഴ്ചയും പോകേണ്ടി വരുമെന്ന് ഗവ. ഗേള്‍സിലെ സേതുലക്ഷ്മി പറഞ്ഞു. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്ന പരിപാടിയേ ഇല്ല ഇപ്പോഴത്തെ സംവിധാനത്തില്‍ എന്ന് കുട്ടികള്‍ പറയുന്നു. എന്‍ട്രന്‍സ് കോച്ചിങ്ങിന് പോകുന്ന കുട്ടികള്‍ക്കാണ് ശനിയാഴ്ച അവധി ഏറ്റവും സഹായകരമാകുന്നത്. ശനിയാഴ്ച ക്ലാസ്സില്ലാത്തത് പഠനത്തിന് കൂടുതല്‍ സഹായകമാവുന്നുണ്ട്. ഒരാഴ്ച എടുക്കുന്ന ക്ലാസുകള്‍ക്ക് റിവിഷന്‍ നടത്താനും നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു.

പിരീഡുകളുടെ എണ്ണത്തില്‍ കുറവ് വരുത്തി ഈ ശ്വാസംമുട്ടലിനൊരു ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് അധ്യാപകര്‍ പറയുന്നു. പ്രൊഫഷനല്‍ കോളേജുകളില്‍ പോലും ഇല്ലാത്തത്രയാണ് പ്ലസ് ടുവിലെ അധ്യയന സമയം. സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഇത്രയും ക്ലാസുകള്‍ വരുന്നില്ല. പ്രിന്‍സിപ്പല്‍മാര്‍ക്കാകട്ടെ ശനിയാഴ്ച സ്‌കൂളില്‍ വരണം. മറ്റു ദിവസങ്ങളിലെത്തി ക്ലാസ്സെടുക്കുകയും വേണം! ആരോഗ്യപ്രശ്‌നങ്ങള്‍.

തുടര്‍ച്ചയായി ക്ലാസുകളില്‍ ഇരിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പെണ്‍കുട്ടികളെയാണ് ഇത് വളരെയധികം ബാധിക്കുന്നത്. ഇവര്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ഒരു വര്‍ഷം തുടര്‍ച്ചയായി ഇത്തരത്തില്‍ ക്ലാസ് വരുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാവുമെന്ന് അധ്യാപകര്‍ പറയുന്നു. ഒരു ക്ലാസില്‍ മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയില്ല. 20 മിനിറ്റിലധികം ഒരു ക്ലാസ് ശ്രദ്ധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണ്. ഇതിനിടയില്‍ 10 മിനിറ്റെങ്കിലും വിശ്രമം ലഭിച്ചാല്‍ മാത്രമേ അടുത്ത ക്ലാസിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയൂ. ഒരേ അവസ്ഥയില്‍ ദീര്‍ഘനേരം ഇരിക്കുന്നത് നട്ടെല്ല്, കഴുത്ത് എന്നിവയ്ക്ക് പ്രശ്‌നമുണ്ടാകും. 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്‌കൂളില്‍ അഞ്ച് മിനിട്ട് കൊണ്ട് ബാത്ത്‌റൂം ഉപയോഗപ്പെടുത്തുക എന്നത് പ്രായോഗികമല്ല. അധ്യാപകന്‍ ക്ലാസില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ അഞ്ച് മിനിട്ട് കഴിയുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ബാത്ത്‌റൂമുകളുടെ എണ്ണം വര്‍ധിപ്പിച്ചാലും ഇത്രയും കുട്ടികള്‍ക്ക് ഒരേ സമയം ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. മികച്ച എയ്ഡഡ് സ്‌കൂളുകളില്‍ പോലും ഇതിനുള്ള സൗകര്യമില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ അവസ്ഥയാണ് പരിതാപകരം. മികച്ച ക്ലാസ് മുറികള്‍ ഉള്ള സ്‌കൂളുകള്‍ ആണെങ്കില്‍ ഇരിക്കുന്നതിന് പ്രശ്‌നമില്ല എന്നാണ് അധ്യാപകര്‍ പറയുന്നത്. മെച്ചപ്പെട്ട സംവിധാനങ്ങളില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ ഇത്രയും മണിക്കൂറുകള്‍ ഇരുത്തുന്നത് പ്രശ്‌നമാണ്. ഒരാഴ്ചയില്‍ 24-ഓളം പിരീഡുകളാണ് അധ്യാപകന് ഒരു ക്ലാസില്‍ വരുന്നത്. അധ്യാപകരെ സംബന്ധിച്ച് ആശ്വാസകരമാണിത്. വീട്ടുകാരുമായും കൂടുതല്‍ ചെലവഴിക്കാന്‍ അവസരമുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. എന്നാല്‍ ദൂരെ നിന്ന് എത്തുന്ന അധ്യാപകര്‍ക്ക് പ്രയാസമുണ്ടാകുന്നുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *