Wednesday, 23 July 2014

പുതുതായി 699 പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചു.

തിരുവനന്തപുരം : പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി പുതിയ 699 ബാച്ചുകള്‍ അനുവദിച്ചു. ഒരു ബാച്ചില്‍ 40 വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഇല്ലെങ്കില്‍ ആ ബാച്ച് ഇല്ലാതാക്കാനും തീരുമാനമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.


പുതുതായി അനുവദിച്ചവയില്‍ 379 എണ്ണം അധികബാച്ചുകളാണ്. പുതുതായി തുടങ്ങുന്ന 134 സ്‌കൂളുകളില്‍ ഓരോ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവ കൂടാതെ ഹയര്‍സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്ത 93 സ്‌കൂളുകളില്‍ 2 ബാച്ച് വീതം അനുവദിച്ചിട്ടുണ്ട്.

ഈവര്‍ഷം 40 വിദ്യാര്‍ഥികളില്ലാതെ ബാച്ച് തുടങ്ങാത്ത സ്‌കൂളുകളില്‍ അടുത്ത വര്‍ഷം 50 കുട്ടികളുണ്ടെങ്കില്‍ ബാച്ച് തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനനടപടികള്‍ വൈകുന്നതിനാലാണ് ഈവര്‍ഷം 40 എന്ന അനുപാതം സ്വീകരിച്ചത്.

അധികബാച്ചുകളിലേക്കുള്ള അധ്യാപകരെ അധ്യാപക ബാങ്കില്‍ നിന്നും നിയമിക്കും. ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. പുതിയ ബാച്ചുകളിലേക്ക് സ്ഥിരം നിയമനം നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

700 ബാച്ചുകള്‍ക്കാണ് മന്ത്രിസഭാഉപസമിതി ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ 699 ബാച്ചുകള്‍ക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. പുതുതായി 600 ബാച്ചുകളില്‍ കൂടുതല്‍ അനുവദിക്കരുതെന്ന് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *