Thursday, 24 July 2014

ഭൂപടങ്ങളില്‍ സുരക്ഷ തേടേണ്ടവര്‍.

സ്ത്രീകള്‍ക്കെതിരായുളള ലൈംഗീകാതിക്രമം തുടരുന്ന ഒരു സമസ്യയായി മാറിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ക്കും മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും പിന്തുടരാനാവുന്നതിനേക്കാള്‍ വേഗത്തിലാണ് കാമവെറിയന്മാര്‍ തങ്ങളുടെ കരാളഹസ്തങ്ങളെ സമൂഹത്തിലേക്ക് നീട്ടി ഇരകളെ കണ്ടെത്തുന്നത്. ഇവരുടെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ അഭിനിവേശങ്ങള്‍ക്കു തീര്‍പ്പുണ്ടാക്കാനായി സൃഷ്ടിക്കപ്പെട്ട ജീവിസമൂഹം മാത്രം. അവളെ വളര്‍ത്തണോ അനുഭവിക്കണോ കൊല്ലണോ എന്നു തീരുമാനിക്കേണ്ടത് തങ്ങളാണ്.

ഈ ലോകം എന്തുകൊണ്ടാണ് അവനുമാത്രമായി ചുരുങ്ങിയത്. അവള്‍ക്കും ഇവിടെ സ്ഥാനമില്ലേ. അവളുള്‍പ്പെടുന്ന ലോകത്തിന്റെ ചരിത്രത്തെ എന്തുകൊണ്ടാണ് his-story (history) എന്നു പറയുന്നത്, her story എന്നുപറഞ്ഞാല്‍ എന്താ ആകാശമൊന്നാകെ പൊട്ടിത്തകരുമോ ? ഇതെല്ലാം നാളുകളായി ഓരോരുത്തര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നും ഉത്തരം കണ്ടെത്താതെ തര്‍ക്കിക്കുന്നു. ഈ സമൂഹത്തില്‍ തുല്യത തന്നില്ലെങ്കിലും ചരിത്രങ്ങളില്‍ സ്ഥാനം തന്നില്ലെങ്കിലും ഒരു സഹജീവി അര്‍ഹിക്കുന്ന സഹിഷ്ണുതയെങ്കിലും സ്ത്രീകള്‍ക്ക് കൊടുക്കണമെന്ന് ചിന്തിക്കാത്തത് എന്താണ് ?

സംസ്‌ക്കാരസമ്പന്നരെന്ന് ഊറ്റം കൊളളുന്ന ഇന്ത്യയില്‍ 2012-ല്‍ 24,923 ബലാത്സംഗക്കേസുകളാണ് നാഷണല്‍ ക്രൈം റിപ്പോര്‍ട്ട്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തത്. 2013-ല്‍ അത് 33,707 ആയി ഉയര്‍ന്നു. 2012 ഡിസംബര്‍ 16 ന് സുഹൃത്തിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയത് നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ അണപൊട്ടി ഒഴുകിയപ്പോള്‍ ഇനി വളരെ കുറച്ചുനാളുകളെങ്കിലും പെണ്‍കുട്ടികള്‍ സുരക്ഷിതയായിരിക്കുമെന്ന് കരുതിയ ചിലരെങ്കിലും ഉണ്ടായിരുന്നു.അത്തരക്കാരുടെ പ്രതീക്ഷകള്‍ക്ക് ഈ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് തെളിയിച്ച് 2013-ല്‍ 1441 ബലാത്സംഗക്കേസുകളാണ് തലസ്ഥാനനഗരിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

2013-ല്‍ ഏറ്റവും അധികം കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് മദ്ധ്യപ്രദേശിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 14 വയസ്സുളള ദളിത് പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസിനുളളില്‍ വച്ച് ക്രൂരമായി ഉപദ്രവിച്ചതും ഇതേ മദ്ധ്യപ്രദേശില്‍ വച്ചു തന്നെ.ഡല്‍ഹിയും ബാംഗ്ലൂരും മുംബൈയും മദ്ധ്യപ്രദേശും ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമെന്ന സ്ഥാനത്തിനായി മത്സരിക്കുന്ന കാഴ്ച ഭീതിയോടെ മാത്രമേ നോക്കി കാണാനാകൂ. ഇക്കാര്യത്തില്‍ കേരളവും ഒട്ടും പിന്നിലല്ലെന്ന സത്യവും നടുക്കത്തോടെ ഓര്‍ക്കുന്നു.

രാജ്യത്തിനകത്തു നടക്കുന്ന ഈ കിരാതവാഴ്ചക്ക് അടിപ്പെടുന്നതില്‍ 80 ശതമാനം ഇരകളും പതിനെട്ടിനും മുപ്പതിനും ഇടയിലുളളവരാണ്. അതില്‍ തന്നെ പതിനെട്ടു വയസ്സിനു താഴെയുളളവരും ധാരാളം. പതിനെട്ടിനു താഴെ പ്രായമുളളവരെ കുട്ടികള്‍ എന്നു വിളിക്കുന്ന ഇന്ത്യയില്‍ പിഞ്ചുകുഞ്ഞിനെ പോലും സ്ത്രീയെന്ന ഉപഭോഗവസ്തുവായി മാത്രം കാണാന്‍ കഴിയുന്ന ഒരു സമൂഹമാണ് വളര്‍ന്നു പന്തലിക്കുന്നത്. 2013-ലെ ക്രിമിനല്‍ ഭേദഗതി നിയമപ്രകാരം ഒളിഞ്ഞുനോട്ടം പോലും ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ നിയമവ്യവസ്ഥയെ പല്ലിളിച്ചു കാട്ടുന്ന ഇത്തരം മനുഷ്യത്വമില്ലായ്മക്ക് പ്രതിവിധികള്‍ ഇനിയും കണ്ടെത്തിയിട്ടില്ല എന്നത് ഖേദകരം തന്നെ.

കുടുബത്തില്‍ നിന്നുതന്നെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു തുടങ്ങുന്നു.പെണ്ണായി പിറന്നത് തന്നെ അവള്‍ ചെയ്ത വലിയ തെറ്റ്. തനിക്കു വേണ്ടപ്പെട്ടവര്‍ തന്നെ അരുതാത്തതു ചെയ്യുമ്പോള്‍ ആരോടും പറയാനാകാതെ ആ കുരുന്നു മനസ്സ് പിടയുന്നു.സംഭവിച്ചത് മാതാപിതാക്കളോടു പോലും തുറന്നുപറയാനുളള ധൈര്യം പലകുട്ടികള്‍ക്കും ഇല്ല. ലൈംഗീകതയെ കുറിച്ച് മക്കളോട് സംസാരിക്കുന്നത് വലിയ തെറ്റായി കാണുന്ന ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ഇനിയെങ്കിലും ഒരു മാറ്റം അനിവാര്യമാണ്. ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക തന്നെ വേണം.അത് കുടുബത്തില്‍ നിന്നു തന്നെ ആരംഭിക്കണം. എങ്കിലേ ബാംഗ്ലൂരിലെ ആറു വയസ്സുകാരിക്ക് സംഭവിച്ച ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കൂ.പക്ഷേ മനസ്സിന്റെ ഞാണുപൊട്ടിപ്പോയ മനുഷ്യമൃഗങ്ങള്‍ക്ക് എന്തു ബോധവത്കരണമാണ് നല്‍കാന്‍ സാധിക്കുക.

ചില്‍ഡ്രന്‍സ് റൈറ്റ്‌സ് ഇനീഷ്യേറ്റീവ് ഫോര്‍ ഷെയേര്‍ഡ് പേരന്റിങ്ങിന്റെ കണക്കു പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളതില്‍ 80 ശതമാനം കേസും ഇനിയും തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. അതിനുളള പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നതില്‍ ഒന്ന് രക്ഷിതാക്കളുടെ നിസ്സഹകരണമാണ്.കുട്ടിയെ കോടതി കയറ്റാന്‍ അവര്‍ വൈമനസ്യം കാണിക്കുന്നു.അവരുടെ ഭാവിയെ കുറിച്ചോര്‍ത്ത്, തങ്ങള്‍ നേരിടേണ്ടി വരുന്ന അപമാനത്തെ പേടിച്ച് പലരും പിന്‍വാങ്ങുന്നു.തനിക്കു നേരെയുണ്ടായ കൈയ്യേറ്റത്തില്‍ ഭയന്നു വിറച്ച കുട്ടി പലപ്പോഴും പരസ്പര ബന്ധമില്ലാതെ പറയുന്ന മൊഴികളും വിചാരണയെ തടസ്സപ്പെടുത്തുന്നു.

കുട്ടിയെ സമൂഹത്തിനു തിരിച്ചറിയാന്‍ സാധിക്കുന്ന യാതൊരു സൂചനകളും നല്‍കരുതെന്നും കുട്ടിയുമായി ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്നും കുട്ടിക്കു വിശ്വാസവും സ്‌നേഹവുമുളള ഒരാളുടെ കൂടെ വിചാരണ നേരിടാമെന്നും കുട്ടിയുടെ മനസ്സിനെ ഉലയ്ക്കുന്ന രീതിയിലുളള ചോദ്യംചെയ്യലുകള്‍ ഒഴിവാക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ധാരാളം നിര്‍ദേശങ്ങള്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സില്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇവയുടെ സാധ്യതകളെ പറ്റിയുളള അറിവില്ലായ്മയാണ് പല രക്ഷിതാക്കളേയും ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നത്.

ഇല മുളളില്‍ വീണാലും മുളള് ഇലയില്‍ വീണാലും ഇലക്ക് തന്നെ കേടെന്ന് പഠിച്ചു വളര്‍ന്നവര്‍ക്ക് പിന്തിരിഞ്ഞോടാന്‍ മാത്രമല്ലേ കഴിയൂ. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ് ഇവിടെ പുരോഗമന ചിന്തകള്‍ക്കാണ് പ്രാധാന്യം എന്നെല്ലാം ആവര്‍ത്തിച്ചു പറയുന്നവര്‍ ചുറ്റിലുണ്ടെങ്കിലും ദുരന്തത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ച് സഹപതിക്കാനല്ലാതെ മറ്റൊന്നിനും സമൂഹം തയ്യാറല്ല എന്നത് ഒരു പരമാര്‍ത്ഥം തന്നെയാണ്. ആ പെണ്‍കുട്ടിയുള്‍പ്പെട്ട കുടുംബത്തിന് അറിഞ്ഞോ അറിയാതെയോ അവര്‍ ഭ്രഷ്ട് കല്പിക്കാന്‍ തുടങ്ങുന്നു.അവരെ കുറിച്ച് പിറുപിറുക്കാന്‍ തുടങ്ങുന്നു അവരുടെ സ്വകാര്യതകള്‍ക്ക് സ്വന്തം കണ്ണുകളുടെ അകമ്പടി നല്‍കുന്നു.

ചര്‍ച്ച ചെയ്തും സംവാദങ്ങള്‍ നടത്തിയും പറഞ്ഞു പറഞ്ഞു പഴകിപ്പോയ സ്ത്രീസുരക്ഷയെകുറിച്ച് പുതുതായി പറയാന്‍ ആകെയുളളത് സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി സുരക്ഷിതമല്ലാത്തയിടങ്ങള്‍ തിരിച്ചറിയാനായി കേരളം തയ്യാറാക്കുന്ന ഭൂപടത്തെക്കുറിച്ചാണ്. ഒന്നു ചോദിച്ചോട്ടെ, ഈ പുതിയ നടപടികൊണ്ട് എന്താണ് സ്ത്രീസമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നത്. ഈ വഴികളിലൂടെ നിങ്ങള്‍ നടക്കരുതെന്നോ ? ഈ വഴികള്‍ പുരുഷന്മാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നോ ? അതോ കരുതിയിരുന്നോളൂ ഏതുനിമിഷവും നിങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം എന്നോ ?

തെരുവില്‍ നിന്നും തെരുവിലേക്ക് പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നാലും അതിനു മറുപടിയായി എന്തൊക്കെ സുരക്ഷക്രമീകരണങ്ങള്‍ വന്നാലും നിയമങ്ങള്‍ ഭേദഗതി ചെയ്യപ്പെട്ടാലും തിരിച്ചറിവില്ലാത്ത കുറച്ചു കിരാതന്മാര്‍ ഇവിടെത്തന്നെ കാണുമെന്ന് സ്ത്രീജനങ്ങളെ നിങ്ങളോര്‍ക്കുക.നിങ്ങളവര്‍ക്ക് ഇന്നത്തേക്കുളള ഇരയാണ്.

No comments:

Post a Comment

Contact Form

Name

Email *

Message *