Thursday, 24 July 2014

മരണവുമായി വണ്ടിയെത്തി; കുരുന്നുകള്‍ യാത്രയായി.

മസായിപേട്ട്: സ്‌കൂള്‍ ബാഗില്‍നിന്ന് തെറിച്ചുപോയ ചോറ്റുപാത്രത്തില്‍ പുളിച്ചോറും റൊട്ടിക്കഷ്ണങ്ങളും പറ്റിപ്പിടിച്ചിരിക്കുന്നു. ഊരിപ്പോയ കറുപ്പ്ഷൂകളും കീറിപ്പറിഞ്ഞബാഗില്‍ നിന്ന് ഛോട്ടാഭീമിന്റെ നെയിംസ്ലിപ്പൊട്ടിച്ച പുസ്തകങ്ങളും റെയില്‍പ്പാളത്തിനരികില്‍ ചിതറിക്കിടക്കുന്നു. ചോരപടര്‍ന്ന സ്‌കൂള്‍ യൂണിഫോമണിഞ്ഞ കുഞ്ഞുങ്ങളുടെ നിശ്ചലശരീരം കെട്ടിപ്പിടിച്ചുമ്മവെച്ച് അമ്മമാര്‍ ആര്ത്തുകരയുന്നു. എല്ലാത്തിനും മൂകസാക്ഷിയായി മരണവണ്ടിയായെത്തി കുരുന്നുകളുടെ ജീവനെടുത്ത നന്ദേഡ്‌സെക്കന്തരാബാദ് പാസഞ്ചര്‍.

സ്‌കൂള്‍ ബസ്സില്‍ തീവണ്ടിയിടിച്ച് 20 കുട്ടികള്‍ മരിച്ച മേഥക്കിലെ മസായിപേട്ട് ഗ്രാമത്തില്‍ മനസ്സ് മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു.
വ്യാഴാഴ്ച അപകടം നടന്ന ഉടനെത്തന്നെ നൂറുകണക്കിന് ഗ്രാമവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തി. രാവിലെ യൂണിഫോമണിയിച്ച് സ്‌കൂളിലേക്ക് വിട്ട കുരുന്നുകള്‍ അപകടത്തില്‍ പെട്ടെന്നറിഞ്ഞതോടെ രക്ഷിതാക്കളും കുതിച്ചെത്തി.

തീവണ്ടി എന്‍ജിനിടിച്ച് തകര്‍ന്നത് ബസ്സാണെന്നുപോലും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. ഇരുമ്പ് പൈപ്പുകളുടെയും ലോഹഷീറ്റുകളുടെയും കൂമ്പാരമായി മാറിയിരുന്നു ആ ബസ്സ്. മൂന്നു ജെ.സി.ബികള്‍ ചേര്‍ന്ന് ബസ്സ് പൊളിച്ചാണ് കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്. രാവിലെ ഒമ്പതിന് അപകടമുണ്ടായിട്ടും വൈകിട്ട് മൂന്നോടെയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം ആസ്​പത്രിമോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഈ സമയമത്രയും കുരുന്നുകളുടെ മരവിച്ചശരീരം കെട്ടിപ്പിടിച്ച് കരയുകയായിരുന്നു മാതാപിതാക്കള്‍.

റെയില്‍വെയുടെ അനാസ്ഥയെന്ന് ഗ്രാമീണര്‍

റെയില്‍വെയുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ഗ്രാമവാസികള്‍ കുറ്റപ്പെടുത്തി. വാഹനത്തിരക്കുള്ള മസായിപേട്ട് റെയില്‍വെക്രോസില്‍ ഗേറ്റ് സ്ഥാപിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. നാട്ടുകാര്‍ക്കുമാത്രമേ ഇതുവഴി കടന്നുപോകുന്ന തീവണ്ടികളുടെ സമയമറിയൂ. സാധാരണ ആളില്ലാ ലെവല്‍ക്രോസില്‍ സൈറണ് സ്ഥാപിക്കാറുണ്ടെങ്കിലും ഇവിടെ അതും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടമറിഞ്ഞെത്തിയ റെയില്‍വെ അധികൃതര്‍ അപകടം ബസ്സ് ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെന്നുപറഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ഇന്ത്യയിലാകമാനം 14,000 ആളില്ലാലെവല്‍ക്രോസുകള്‍ ഉണ്ടെന്നും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് ശ്രദ്ധിക്കേണ്ടതെന്നുമാണ് ഓഫീസര്‍മാര്‍ പറഞ്ഞത്. പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തിയപ്പോള്‍ പോലീസിന് ദുരന്തസ്ഥലത്ത് ലാത്തിവീശേണ്ടിയും വന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *