Sunday, 13 July 2014

എയിംസ്: സംസ്ഥാനം നല്‍കുന്നത് നാല് നിര്‍ദേശങ്ങള്‍.

തിരുവനന്തപുരം: എയിംസിനായുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശത്തിന് ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിലപാട് നിര്‍ണായകമാവും. നിലവില്‍ നാല് നിര്‍ദേശങ്ങളാണ് സംസ്ഥനം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുക. ഇതില്‍ തലസ്ഥാന ജില്ലയില്‍ നിന്നുള്ള നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുക.


ന്യൂഡല്‍ഹിയിലുള്ള മന്ത്രി വി.എസ്. ശിവകുമാര്‍ എത്തിയ ശേഷമാവും കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ നിര്‍ദേശം നല്‍കുക. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന് കൈമാറുക.
മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന ഒ. രാജഗോപാല്‍ തലസ്ഥാനത്തിനായി രംഗത്ത് വന്നുകഴിഞ്ഞു. തലസ്ഥാനത്തെ തോന്നയ്ക്കല്‍ എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യമെന്നാണ് ഒ. രാജഗോപാല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ലഭ്യത, എയര്‍പോര്‍ട്ട്ം, ബൈപാസ് റോഡ് എന്നിവ അടുത്തായുള്ളതാണ് തോന്നയ്ക്കലിന് സാധ്യത കല്പിക്കുന്നതെന്നാണ് ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ സംസ്ഥാനം കൂടുതല്‍ സാധ്യത കല്പിക്കുന്നത് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് അടുത്തായുള്ള സ്ഥലമാണ്. ഇവിടെ 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് യാതൊരു നിയമ പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഭരണ തലസ്ഥാനമെന്നതിനാലും ആര്‍.സി.സി, ശ്രീചിത്ര, രാജീവ് ഗാന്ധി ബയോടെക്‌നോളജി എന്നിവയുടെ സാന്നിധ്യവും തിരുവനന്തപുരത്തിനാണ് സാധ്യതകല്പിക്കുന്നത്. കഴിഞ്ഞമാസം 19നാണ് കേന്ദ്ര എയിംസിനായുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശം ആവശ്യപ്പെട്ട് കത്തെഴുതിയത്. ഈ മാസം 19ന് മുന്‍പായി സംസ്ഥനത്തിന്റെ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ ന്യൂഡല്‍ഹിയിലുള്ള മന്ത്രി വി.എസ്. ശിവകുമാര്‍, കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധനില്‍ നിന്ന് അടുത്തവര്‍ഷം എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *