Thursday, 3 July 2014

റേഷന്‍ കാര്‍ഡ് പുതുക്കാന്‍ ക്യാമ്പുകള്‍ നടത്തും; പട്ടികയ്ക്ക് ത്രിതലസമിതികള്‍ വരുന്നു.

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ ലഭിക്കേണ്ടവരുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുന്നതിന് ത്രിതല സമിതികള്‍ വരുന്നു. നിലവിലുള്ള ബി.പി.എല്‍, എ.പി.എല്‍ പട്ടികയ്ക്ക് പകരമായാണ് മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിന് മൂന്ന് റേഷന്‍കടകള്‍ ചേര്‍ത്തുള്ള ക്യാമ്പ് നടത്തും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സംസ്ഥാനതല സമിതി എന്നിങ്ങനെയാണ് ത്രിതല സാമൂഹിക കണക്കെടുപ്പ് നടത്തുക. കേന്ദ്ര ഭക്ഷ്യ നിയമപ്രകാരമുള്ളതും ബി.പി.എല്‍. കണക്കെടുപ്പിലെയും ചോദ്യാവലികള്‍ ചേര്‍ത്തുള്ള കുറിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗണനാ വിഭാഗങ്ങളുടെ കരട് പട്ടിക തയ്യാറാക്കുന്നത്.

കേന്ദ്ര ഭക്ഷ്യനിയമപ്രകാരം റേഷന്‍ ലഭിക്കണമെങ്കില്‍ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങളായി ഉപഭോക്താക്കളെ തരംതിരിക്കണം. ഇപ്പോള്‍ റേഷന്‍ ലഭിക്കുന്നത് എ.പി.എല്‍, എ.പി.എല്‍ സബ്‌സിഡി, ബി.പി.എല്‍, എ.എ.വൈ, അന്നപൂര്‍ണ വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ്. ഈ ഉപഭോക്താക്കളെ മുന്‍ഗണന, മുന്‍ഗണന ഇതരവിഭാഗങ്ങളായി മാറ്റണം. ഇതിന് പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനോടൊപ്പം വിവരശേഖരണവും നടത്തുന്നത്.

പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലത്തിലും വാര്‍ഡ് തലത്തിലുമാണ് പ്രാഥമിക പരിശോധനാ സംവിധാനം വരുന്നത്. ഈ തലങ്ങളില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, കുടുംബശ്രീ, വില്ലേജ്, വി.ഇ.ഒ അല്ലെങ്കില്‍ എല്‍.വി.ഇ.ഒമാര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവരുടെ കരട്പട്ടിക ആദ്യം പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഈ പട്ടിക വാര്‍ഡ് തലത്തിലുള്ള സമിതി പരിശോധിക്കും. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിലെ ആക്ഷേപങ്ങള്‍ നിര്‍ദ്ദിഷ്ട സമിതി പരിശോധിക്കും. ഇതിന് ശേഷമാണ് സംസ്ഥാന സമിതി അന്തിമ പട്ടിക പുറത്തിറക്കുന്നത്. മുന്‍ഗണനാ പട്ടികയില്‍ ഇടം നേടുന്നവര്‍ക്ക് മാത്രമേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അഞ്ച് കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കാനാവൂ.

മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗക്കാരുടെ വിവരങ്ങള്‍ പിന്നീട് സ്മാര്‍ട്ട് കാര്‍ഡിലേയ്ക്ക് മാറ്റും. ഡാറ്റാ സെന്റര്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡില്‍ വിവരങ്ങള്‍ ശേഖരിക്കുക. ഇതിന് ശേഷമേ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിരലടയാളമുള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുകയുള്ളൂ.

ഇപ്പോള്‍ സംസ്ഥാനത്ത് 83 ലക്ഷത്തോളം കാര്‍ഡുകളാണ് ഉള്ളത്. ഇവ പുതുക്കി നല്‍കുന്നതിന് അതത് പ്രദേശത്തെ മൂന്ന് റേഷന്‍ കടകള്‍ ചേര്‍ത്ത് ക്യാമ്പ് സംഘടിപ്പിക്കും. 2008 ലാണ് അവസാനമായി സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് പുതുക്കിയത്. നാല് മാസംകൊണ്ട് റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കാനുള്ള പദ്ധതിലാണ് സിവില്‍ സപ്ലൈസ് വകുപ്പ്.

No comments:

Post a Comment

Contact Form

Name

Email *

Message *