Monday, 14 July 2014

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി.

തിരുവനന്തപുരം: മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെവടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു.

മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരമേഖലയില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.


വെള്ളം കയറിയും മരങ്ങള്‍ മറിഞ്ഞുവീണും പലയിടത്തും യാത്രാതടസ്സവുമുണ്ടായി. വൈദ്യുതി വിതരണവും ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ സി.എ. ലത ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച മാത്രം 17,03,700 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. പത്ത് ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. 23 വീടുകള്‍ ഭാഗികമായി നശിക്കുകയും ചെയ്തു.

മഴയില്‍ 96 കര്‍ഷകര്‍ക്കാണ് തിങ്കളാഴ്ച കൃഷിനഷ്ടമുണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. 3,69,000 രൂപയുടെ കൃഷിനഷ്ടമാണ് കണക്കാക്കുന്നത്. കോഴിക്കോട് താലൂക്കില്‍ മൂന്ന് വീടുകളും താമരശ്ശേരിയില്‍ രണ്ടും വടകരയില്‍ 12 ഉം കൊയിലാണ്ടിയില്‍ ആറ് വീടുകളുമാണ് നശിച്ചത്.

ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് മണ്‍സൂണ്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ കാരണം. പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ പാത്തി ശക്തി പ്രാപിച്ചതും മണ്‍സൂണിനെ അനുകൂലമാക്കുന്ന ഘടകമാണ്.

വൃഷ്ടിപ്രദേശത്ത് മഴ നേരിയതോതില്‍ ലഭിച്ചുതുടങ്ങിയതിനാല്‍ വൈദ്യുതി ബോര്‍ഡിന് നേരിയ പ്രതീക്ഷയുണ്ട്. ജൂലായില്‍ 10 ദിവസം നല്ലതോതില്‍ മഴപെയ്താല്‍ ഉത്പാദനത്തിലെ പ്രതിസന്ധി നീങ്ങിക്കിട്ടും.

80.5 ലക്ഷം യൂണിറ്റാണ് കഴിഞ്ഞദിവസം ഉത്പാദിപ്പിച്ചത്. 86 കോടി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇപ്പോള്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 236 കോടി യൂണിറ്റിനുളള വെള്ളമുണ്ടായിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഴ കുറവായിരുന്നു. അതേസമയം കോട്ടയം മുതല്‍ വടക്കോട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *