Saturday, 26 July 2014

'മൂന്നാറില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിച്ചു മാത്രം നടപടി'.

കോഴിക്കോട്: മൂന്നാര്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ച് ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അധിക പ്‌ളസ് ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കോടതിവിധി അനുകൂലമാണെങ്കില്‍ ജഡ്ജിക്ക് സിന്ദാബാദ് വിളിക്കുകയും എതിരാകുമ്പോള്‍ ചീത്ത വിളിക്കുകയും ചെയ്യുന്നതല്ല സര്‍ക്കാരിന്റെ നയം. മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച ഹൈക്കോടതി വിധി പഠിച്ചശേഷം സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. കോടതിയോട് സര്‍ക്കാരിന് അങ്ങേയറ്റം ബഹുമാനമാണുള്ളത്. വിധിന്യായം പഠിച്ചശേഷം വേണ്ട നടപടി കൈക്കൊണ്ട് മുന്നോട്ടുപോകും. മൂന്നാര്‍ ഓപ്പറേഷനില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അപ്പീല്‍ പോവുകയാണ് വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യും. എന്തു തന്നെയായാലും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂ-മുഖ്യമന്ത്രി പറഞ്ഞു.

പ്‌ളസ് ടു അധിക ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റിദ്ധാരണമൂലമാണ് എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഇതു സംബന്ധിച്ച് ആരോപണം ഉന്നയിച്ചത് എന്നാണ് കരുതുന്നത്. എന്നാല്‍, ഈ ആരോപണങ്ങളൊന്നും ഫസല്‍ ഗഫൂര്‍ എന്നോടു പറഞ്ഞിട്ടില്ല. വേറെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ ഗൗരവമായി കാണുകയും വേണ്ട നടപടി കൈക്കൊള്ളുകയും ചെയ്യും-മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്താനും ഖാദി റംസാന്‍-ഓണം മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കാനുമാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയത്.

No comments:

Post a Comment

Contact Form

Name

Email *

Message *