Sunday, 13 July 2014

കേരളത്തിലെ ഖനനത്തിന് കര്‍ശന നിയന്ത്രണം വേണം: ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും പരിസ്ഥിതി ആഘാതം പഠിക്കുന്നതിനുള്ള സംസ്ഥാന അതോറിറ്റിയുടെയും (എസ്.ഇ.ഐ.ഐ.എ) അനുമതിയില്ലാതെ കേരളത്തില്‍ നല്‍കിയ എല്ലാ ഖനനലൈസന്‍സുകളും റദ്ദാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.


സംസ്ഥാനത്ത് ഖനനത്തിന് കര്‍ശന നിയന്ത്രണം കൊണ്ടുവരാനും ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മതിയായ അനുമതികളില്ലാതെ അനുവദിച്ച മുഴുവന്‍ പാറമട, മണല്‍വാരല്‍ ലൈസന്‍സുകളും റദ്ദാക്കണം. പരിസ്ഥിതി അനുമതിയും മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുമില്ലാതെ പുതുതായി ഖനനലൈസന്‍സ് നല്‍കാനും പാടില്ല- ഉത്തരവില്‍ വ്യക്തമാക്കി.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 2400 പാറമടകളില്‍ നൂറെണ്ണത്തിന് മാത്രമാണ് കൃത്യമായ രേഖകളുള്ളത്.

ദേശീയ ഹരിത കോടതി ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കഴിഞ്ഞകൊല്ലം ആഗസ്തില്‍ ട്രൈബ്യൂണല്‍ സമാനമായ ഉത്തരവിട്ടിരുന്നു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് വനം, പരിസ്ഥിതിമന്ത്രാലയത്തിന്റെയോ സംസ്ഥാനസമിതികളുടെയോ അനുമതി വേണമെന്ന സുപ്രീംകോടതിവിധിയുടെ ചുവടുപിടിച്ചായിരുന്നു ആ ഉത്തരവ്. നദിയുടെ ഇരുവശങ്ങളില്‍നിന്നും ഒഴുക്കിനെ ബാധിക്കുന്ന രീതിയില്‍ മണല്‍ വാരുന്നത് പരിസ്ഥിതിനശീകരണത്തിന് കാരണമാവുന്നതായും ദീപക് കുമാര്‍-ഹരിയാണസര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഈ ഉത്തരവുകളൊന്നും കേരളത്തില്‍, പ്രത്യേകിച്ച് മലപ്പുറത്ത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകരായ എം. സായൂജ് മോഹന്‍ദാസ്, കെ.കെ. സുധീഷ് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവ്. നിയമവിരുദ്ധഖനനം മൂലമുണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ വിശദമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിലോലമേഖലകളില്‍ ഖനനം അനുവദിക്കുന്നില്ലെന്നും മറ്റു പ്രദേശങ്ങളില്‍ അനുമതിയോടുകൂടിമാത്രമേ ഖനനം അനുവദിക്കുന്നുള്ളൂവെന്നുമാണ് കേരളത്തിന്റെ വാദം. പശ്ചിമഘട്ടത്തില്‍ രണ്ടായിരത്തിലധികം ഖനികളുണ്ടെന്ന് ഡോ. മാധവ് ഗാഡ്ഗിലും നേരത്തേ വ്യക്തമാക്കിയിരുന്നു.

പശ്ചിമഘട്ടത്തില്‍ പരിസ്ഥിതിലോല മേഖലയായി ഡോ. കസ്തൂരിരംഗന്‍ സമിതി കണ്ടെത്തിയ 123 ഗ്രാമങ്ങളിലെ ഖനനവുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഹരിതട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ട്. ഓരോ സംസ്ഥാനങ്ങളിലും എത്ര ഖനനലൈസന്‍സ് അനുവദിച്ചു, ഇതില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്, അഞ്ച് ഹെക്ടറില്‍ താഴെയും മുകളിലുമുള്ളത് എത്രയെണ്ണമുണ്ട് തുടങ്ങി ആറ് ചോദ്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ ഉത്തരം നല്‍കണമെന്ന് മാര്‍ച്ച് 19-ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് വ്യക്തമായ സത്യവാങ്മൂലം നല്‍കാത്തതിന് കേരളത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കേസ് പരിഗണിച്ച ഏപ്രില്‍-29ന് കേരളം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിമാരില്‍നിന്ന് ചെലവുതുക ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസ് ആഗസ്ത് 11-ന് വീണ്ടും പരിഗണിക്കും.

No comments:

Post a Comment

Contact Form

Name

Email *

Message *