Thursday, 24 July 2014

പഠിപ്പുമുടക്കുസമരം പൂര്‍ണമായി ഉപേക്ഷിക്കാനാവില്ലെന്ന് സി.പി.എം.

തിരുവനന്തപുരം: പഠിപ്പുമുടക്കുസമരങ്ങള്‍ എസ്.എഫ്.ഐ. ഉപേക്ഷിക്കണമെന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവമനുസരിച്ച് പഠിപ്പുമുടക്കുസമരം വേണമോയെന്ന കാര്യത്തില്‍ വിദ്യാര്‍ഥിസംഘടനയ്ക്ക് തീരുമാനമെടുക്കാമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതേസമയം അനാവശ്യമായ പഠിപ്പുമുടക്കുസമരങ്ങളോട് യോജിപ്പില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.


പഠിപ്പുമുടക്കുസമരം സംബന്ധിച്ച് സി.പി.എമ്മിന് നേരത്തെതന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. സമരം ഏതുരൂപത്തില്‍ വേണമെന്ന കാര്യം വിഷയത്തിന്റെ ഗൗരവവും സാഹചര്യവും പരിഗണിച്ച് എസ്.എഫ്.ഐ. തന്നെയാണ് നിശ്ചയിക്കേണ്ടത്. എന്നാല്‍, ഇതുസംബന്ധിച്ച് ഇ.പി.ജയരാജന്‍ സമീപകാലത്ത് പ്രകടിപ്പിച്ച അഭിപ്രായം പാര്‍ട്ടിയുടെ നിലപാടിന് അനുസരിച്ചുള്ളതല്ല. ഇത് പാര്‍ട്ടി അണികളിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈ ആശയക്കുഴപ്പം മാറ്റുന്നതിന് ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതിയോഗത്തിനുശേഷം വിശദീകരണം നല്‍കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റ് യോഗത്തിന്റെ രണ്ടാം ദിവസവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയായിരുന്നു മുഖ്യഅജണ്ട. സെക്രട്ടേറിയറ്റ് യോഗത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനസമിതിയും യോഗം ചേരും.

No comments:

Post a Comment

Contact Form

Name

Email *

Message *