Thursday, 24 July 2014

മലവെള്ളപ്പാച്ചിലില്‍ നിയന്ത്രണം വിട്ട ചങ്ങാടം യാത്രക്കാരുമായി കടലിലേക്ക് ഒഴുകി.




പൊന്നാനി: മലവെള്ളപ്പാച്ചിലില്‍ നിയന്ത്രണം വിട്ട് മുപ്പതോളം യാത്രക്കാരുമായി കടലിലേക്ക് ഒഴുകിപ്പോയ ചങ്ങാടം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീരത്തെത്തിച്ചു. കനത്ത മഴ കാരണം കുത്തിയൊഴുകിയ വെള്ളത്തിന്റെ ശക്തിയില്‍ ജെട്ടിയില്‍ ചങ്ങാടംകെട്ടിയിട്ട രണ്ടുകയറുകളും പൊട്ടുകയായിരുന്നു. യാത്രക്കാരെ കൂടാതെ രണ്ടു കാറും നാലു ബൈക്കും ചങ്ങാടത്തിലുണ്ടായിരുന്നു. മൂന്നു തോണികള്‍ കൂട്ടിക്കെട്ടി മരം കൊണ്ട് നിര്‍മിച്ചതാണ് ചങ്ങാടം.

പൊന്നാനിയില്‍ നിന്ന് പടിഞ്ഞാറക്കരയിലേക്ക് സര്‍വീസ് നടത്തുന്ന ഭാരത് സ്വയംസഹായസംഘത്തിന്റെ ചങ്ങാടമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഏഴേകാലോടെ പൊന്നാനി അഴിമുഖം ജെട്ടിയില്‍ നിന്ന് യാത്രക്കാരുമായി പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് ചങ്ങാടത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.

കയറുകള്‍ പൊട്ടിയപ്പോള്‍ നിയന്ത്രണമില്ലാതെ ചങ്ങാടം കടലും പുഴയും സംഗമിക്കുന്ന അഴിമുഖം വഴി കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. ഒലിച്ചുപോയ ചങ്ങാടം എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എന്‍ജിന്‍ പ്രൊപ്പല്ലറില്‍ വലിയ കുളവാഴകള്‍ കുടുങ്ങിയത് കാരണം അതിനു കഴിഞ്ഞില്ല.

കടലിലേക്ക് നിയന്ത്രണമില്ലാതെ പോകുന്ന ചങ്ങാടം കണ്ട മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്ത ബോട്ടുകളുമായി കടലിലേക്ക് ഇറങ്ങി. ഫിഷറീസ് വകുപ്പിന്റെ സുരക്ഷാബോട്ടും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അഴിമുഖത്തുനിന്നും അഞ്ച് കിലോമീറ്ററോളം കടലിലേക്ക് ഒലിച്ചുപോയ ശേഷമാണ് ചങ്ങാടത്തെ മീന്‍പിടിത്ത ബോട്ടുകള്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്താനായത്. പൊന്നാനി കൂട്ടായി തീരത്തുനിന്നുള്ള മീന്‍പിടിത്ത ഫൈബര്‍ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ചേര്‍ന്നു. ബോട്ടുകളും വള്ളങ്ങളും ചങ്ങാടത്തിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു.

ചങ്ങാടത്തിലെ പതിനഞ്ചോളം യാത്രക്കാരെ ഫൈബര്‍ വള്ളങ്ങളില്‍ തീരത്തെത്തിച്ചു. ചങ്ങാടത്തെ മീന്‍പിടിത്ത വടവുമായി ബോട്ടുകളില്‍ കെട്ടിയാണ് വലിച്ചുകൊണ്ടുവന്നത്. വാഹനങ്ങളും ബാക്കി യാത്രക്കാരും ഈ സമയത്ത് ചങ്ങാടത്തിലുണ്ടായിരുന്നു. തിരിച്ചു വരുന്നതിനിടെ ചങ്ങാടവുമായി കെട്ടിയ കയര്‍ ഇടയ്ക്കിടെ പൊട്ടിയത് ആശങ്കയുയര്‍ത്തി.

ഒമ്പതരയോടെ ചങ്ങാടം പൊന്നാനി ജങ്കാര്‍ ജെട്ടിയിലെത്തിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയായതിനാലാണ് ചങ്ങാടത്തിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്.

കടല്‍ശാന്തമായിരുന്നതും കാറ്റും മഴയും ഇല്ലാതിരുന്നതുമാണ് ചങ്ങാടം സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ കടല്‍ പ്രക്ഷുബ്ധമായിരുന്നെങ്കില്‍ ചങ്ങാടം കടലില്‍ മുങ്ങുമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *