Thursday, 3 July 2014

മലയാളി നഴ്‌സുമാരെ മൊസൂളിലേക്ക് മാറ്റാന്‍ അജ്ഞാതരുടെ ശ്രമം.

ന്യൂഡല്‍ഹി: ഇറാഖില്‍ വിമതര്‍ നിയന്ത്രണത്തിലാക്കിയ തിക്രിത്ത് നഗരത്തിലെ ആസ്പത്രിയില്‍ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ മൊസൂള്‍ നഗരത്തിലേക്ക് കൊണ്ടുപോകാന്‍ അജ്ഞാത സംഘത്തിന്റെ ശ്രമം. ബുധനാഴ്ച രാത്രി ആസ്പത്രിയിലെത്തിയ സംഘം അവര്‍ എത്തിച്ച രണ്ട് ബസ്സുകളില്‍ കയറാന്‍ മലയാളി നഴ്‌സുമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നഴ്‌സുമാര്‍ ബസ്സില്‍ കയറാന്‍ തയ്യാറായില്ല. ഐ എസ് ഐ എല്‍ വിമതര്‍ തന്നെയാണൊ നഴ്‌സുമാരെ മൊസൂളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് എന്നകാര്യം വ്യക്തമായിട്ടില്ല.


46 മലയാളി നഴ്‌സുമാരും ഇപ്പോള്‍ തിക്രിത്തിലെ ആസ്പത്രിയില്‍ തന്നെയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ന്യൂഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരം പുലരുംവരെ ബസ്സില്‍ കയറാതെ പിടിച്ചുനില്‍ക്കാന്‍ ബാഗ്ദാദിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നഴ്‌സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇറാറിലെ ഇന്ത്യന്‍ സ്ഥാപപതികാര്യാലയവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബസ്സുകളില്‍ കയറാന്‍ നിര്‍ബന്ധിച്ച സംഘം ഇംഗ്ലീഷിലാണ് സംസാരിച്ചതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. എല്ലാവരെയും മൊസൂള്‍ നഗരത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് അവര്‍ വ്യക്തമാക്കി.

ഇറാഖിലെ വിവിധ പ്രദേശങ്ങള്‍ കീഴടക്കി മുന്നേറുന്ന ഐ എസ് ഐ എല്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് മൊസൂള്‍. മൊസൂളിലേക്ക് പോകുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ആസ്പത്രിയിലെത്തിയ സംഘം ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം വൈകിയാല്‍ ആസ്പത്രി തകര്‍ക്കുമെന്ന ഭീഷണി മുഴക്കിയശേഷം സംഘം മടങ്ങി. തൊട്ടുപിന്നാലെ ആസ്പത്രി പരിസരത്ത് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതോടെ നഴ്‌സുമാര്‍ പരിഭ്രാന്തരായെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *