Monday, 14 July 2014

ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം 21 മുതല്‍.

കുന്നംകുളം: സര്‍ക്കാര്‍ ആസ്പത്രികളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ജൂലായ് 21 മുതല്‍ നിസ്സഹകരണ സമരം നടത്തുന്നു. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരം പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആസ്പത്രിവരെ ബാധിക്കും.

ജൂലായ് 6ന് കോഴിക്കോട്ടു ചേര്‍ന്ന കെ.ജി.എം.ഒ.എ. സംസ്ഥാന സമിതി തീരുമാനപ്രകാരമാണ് നിസ്സഹകരണ സമരം. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 360 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഒഴിവുകളില്‍ പി.എസ്.സി.വഴി നിയമനം നടത്താതെ സര്‍ക്കാര്‍ സര്‍വ്വീസുകളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മാറ്റുന്നതിലാണ് സംഘടനയുടെ വിയോജിപ്പ്. ഡോക്ടര്‍മാരുടെ കുറവ് സര്‍ക്കാര്‍ ആസ്പത്രികളെ ബാധിച്ചുതുടങ്ങിയതോടെയാണ് സമരത്തിന്റെ നോട്ടീസ് കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.പി. മോഹന്‍ സര്‍ക്കാരിന് നല്‍കിയത്.
ക്യാമ്പുകളും പരിശീലനങ്ങളും അടക്കമുള്ളവ ബഹിഷ്‌കരിക്കുന്ന സമരം രോഗികളെ ബാധിക്കാതെയാണ് മുന്നോട്ടു പോവുക. പുതുതായി രൂപവത്കരിച്ച പാലക്കാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലെ അധ്യാപനത്തിന് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാരെ നിയമിച്ചതിനാല്‍ അവിടുത്തെ ജനറല്‍ ആസ്പത്രിയുടെ സേവനം ശുഷ്‌കമായതാണ് സംഘടനയെ പെട്ടെന്ന് സമരത്തിലേക്ക് തള്ളിവിട്ടത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ചുരുങ്ങിയത് മുന്നൂറ് ഡോക്ടര്‍മാരെങ്കിലും മെഡിക്കല്‍ കോളേജില്‍ അധ്യാപകരായി വേണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. പുതുതായി രൂപവത്ക്കരിക്കുന്ന മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ആയിരത്തിമുന്നൂറോളം സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെയാണ് താലൂക്ക് മുതല്‍ ജില്ലാ ആസ്പത്രിവരെയുള്ള സ്ഥലങ്ങളില്‍ നിന്ന് നിയമിക്കുന്നത്. ഡോക്ടര്‍മാരുടെ കുറവിനൊപ്പം മരുന്നുകളുടെ ലഭ്യതക്കുറവും സംഘടന സമരത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നു

No comments:

Post a Comment

Contact Form

Name

Email *

Message *