Sunday, 13 July 2014

തെരുവില്‍ ഒടുങ്ങേണ്ട ജീവിതം ഇനി എന്‍ജിനിയറിങ് പഠനത്തിന്.

കഴക്കൂട്ടം: വാസുദേവന് ഇനീഷ്യലില്ല. എസ്.എസ്.എല്‍.സി.ബുക്കില്‍പോലും വാസുദേവന്‍ എന്ന് മാത്രം. ജനനത്തീയതി 31.5.1997 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഉറപ്പില്ല. സാധാരണഗതിയില്‍ അനാഥകോടികളില്‍ പെട്ട് തെരുവില്‍ ഒടുങ്ങേണ്ട ജീവിതം. ആ വഴിക്കായിരുന്നു തുടക്കവും. പക്ഷെ വിധി മറ്റൊന്ന് കരുതി വെച്ചു. വാസുദേവന്‍ അടുത്ത ദിവസം ആറ്റിങ്ങല്‍ നഗരൂരില്‍ രാജധാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒന്നാംവര്‍ഷ ബി.ടെക്ക് പഠനത്തിന് പോകും.


പതിനാല് വര്‍ഷം മുമ്പ് എറണാകുളം പള്ളുരുത്തി പോലീസ് ഭിക്ഷക്കാരില്‍ നിന്ന് രക്ഷപ്പെടുത്തി ഹൈക്കോടതി നിര്‍ദേശപ്രകാരം അവിടത്തെ സായിനികേതനില്‍ ഏല്‍പ്പിച്ച കുട്ടിയാണിത്. എറണാകുളം എസ്.അര്‍.വി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താംക്ലാസും പ്ലസ്ടുവും പാസായി അടുത്ത ചുവട് വെയ്ക്കുകയാണ് ഈ വര്‍ഷം.

തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ താമസിച്ച് എന്‍ജിനിയറിങ് പഠനത്തിന് പോകാനാണ് പരിപാടി. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നില്‍. ഒരു മാലമോഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ ഭിക്ഷക്കാരില്‍ നിന്നാണ് കുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത്. ആദ്യം സ്വന്തം കുട്ടിയാണെന്നും പിന്നീട് ബന്ധുവിന്റെ കുട്ടിയാണെന്നും ഭിക്ഷക്കാര്‍ മാറ്റിപ്പറഞ്ഞു. കുടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവരുമായി ബന്ധമില്ലാത്ത കുട്ടിയാണെന്ന് വ്യക്തമായി.

പക്ഷെ ആരുടേതാണെന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കി. അവിടന്ന് ഹൈക്കോടതിക്ക് റഫര്‍ ചെയ്തു. സായി നികേതന്‍കാര്‍ക്ക് കുട്ടിയെ ഏറ്റെടുത്തുകൂടേ എന്ന് ഹൈക്കോടതി ആരാഞ്ഞു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എന്‍.ആനന്തകുമാര്‍ കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കഷ്ടിച്ച് സംസാരിക്കുന്ന പ്രായമായിരുന്നു അത്.

മലയാളവും തമിഴും കലര്‍ന്ന ഭാഷ. പേര് വാസു എന്ന് മാത്രമറിയാം. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേര് വാസുദേവന്‍ എന്നാക്കി. എന്നെങ്കിലും രക്ഷിതാക്കള്‍ വന്നാല്‍ ഇനീഷ്യല്‍ ചേര്‍ക്കാനായി ആ സ്ഥലം ഒഴിച്ചിട്ടു. രണ്ടുവര്‍ഷം മുമ്പ് ഒരു ദമ്പതിമാര്‍ വന്നു, തങ്ങളുടെ നഷ്ടപ്പെട്ട മകനാണോ എന്ന സംശയത്തില്‍. കോടതി ഉത്തരവ് പ്രകാരം ഡി.എന്‍.എ.ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായി.

''പോസിറ്റീവായിരുന്നെങ്കില്‍ ഞാന്‍ അവര്‍ക്കൊപ്പം പോകുമായിരുന്നു. പക്ഷെ ആയില്ലല്ലോ. എങ്കിലും എനിക്ക് ഇവിടെ സന്തോഷത്തിന് ഒരു കുറവുമില്ല. മാതാപിതാക്കളില്ലാത്ത ദു:ഖം ഇതുവരെ അറിഞ്ഞിട്ടില്ല. ആദ്യം കാണുന്നവര്‍ അവരെപ്പറ്റി ചോദിക്കാറുണ്ട്. ഞാന്‍ കാര്യം പറയും. അതിലൊന്നും ഒരു വിഷമവും തോന്നിയിട്ടില്ല.''വാസുദേവന്‍ പറയുന്നു.

രാജധാനി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ബിജു രമേഷാണ് സീറ്റ് വാഗ്ദാനംചെയ്തത്.. പഠനചെലവു മുഴുവന്‍ അദ്ദേഹം ഏറ്റെടുക്കുകുയും ചെയ്തു. ''ഭിക്ഷക്കാരുടെ പക്കല്‍ കുട്ടികളെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്, ഞാനും അവരിലൊരാളായിരുന്നല്ലോ എന്ന്. പഠനം പൂര്‍ത്തിയാക്കി സേവനരംഗത്തിറങ്ങണമെന്നാണ് ആഗ്രഹം'' വാസുദേവന്‍ പറയുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *